എക്കാലത്തേയും ഉയർന്ന നിലയിൽ നിന്നും സ്വർണ വില ഇടിഞ്ഞത് എന്ത് കൊണ്ട്? കാരണം അറിയാം
സെപ്റ്റംബറിൽ സ്വർണ വില 10 ഗ്രാമിന് 58000 എന്ന റെക്കോഡ് ഉയരം കീഴടക്കിയിരുന്നു. കൊവിഡ് മഹാമാരി, യുഎസ്-ചെെന വ്യാപാര യുദ്ധം, യുഎസ് ബോണ്ട് വരുമാനത്തിലുണ്ടായ ഇടിവ് തുടങ്ങിയ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയ ആളുകൾ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടിയതാണ് വില വർദ്ധനവിന് കാരണമായത്.
എന്നാൽ കുറച്ചു നാളുകൾക്ക് മുമ്പ് 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ വില കൂപ്പുകുത്തി. 2020 ഏപ്രിൽ 6ന് സ്വർണ വില 10 ഗ്രാമിന് 45500 ആയിരുന്നു. 58000ൽ നിന്നും ഈ നിലയിലേക്കാണ് സ്വർണ വില ഇടിഞ്ഞത്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഒരു വീഴ്ചയാണ് സ്വർണ വിലയിൽ കാണാനായത്. ഇതിന് പിന്നിലെ കാരണങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
അപകടകരമായ നിക്ഷേപത്തിലേക്കുള്ള ചുവടുമാറ്റം
കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ലോകമെമ്പാടുമുള്ള ബിസിനസുകൾ അടച്ചുപൂട്ടിയിരുന്നു. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ആഗോള സാമ്പദ് വ്യവസ്ഥ നിലംപതിക്കുകയും ചെയ്തു. വീടുകളിൽ ഒതുങ്ങി കൂടിയവർക്ക് ചെലവാക്കാൻ പണം ഇല്ലാതെ വരികയും അവർ സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിക്കുകയും ചെയ്തു.
കൊവിഡിൽ നിന്നും പതിയെ കരകയറുന്നതിനൊപ്പം എല്ലാ സർക്കാരുകളും സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. എല്ലാ ബാങ്കുകളും തങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുകയും ചെയ്തു. മൊറട്ടോറിയം ഉൾപ്പെടെ നടപ്പാക്കിയതോടെ വിപണിയിൽ പണം ഒഴുകിയെത്താൻ തുടങ്ങി.
കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിതമായ സ്വർണത്തിലാണ് ഏവരും നിക്ഷേപം നടത്തിയിരുന്നത്. എന്നാൽ പ്രതിസന്ധി മാറിയതോടെ ഏവരുടെയും കെെയിൽ പണം വരികയും അവർ കൂടുതൽ അപകടകരമായ ആസ്തികളിലേക്ക് പണം നിക്ഷേപിക്കാനും തുടങ്ങി. ഇതിൽ ഒന്നാണ് ഓഹരി വിപണി. ഇതോടെ ആഗോള വിപണികൾ എല്ലാം തന്നെ റെക്കോഡ് ഉയരങ്ങൾ കീഴടക്കി. നിഫ്റ്റി, സെൻസെക്സ് എന്നീ ഇന്ത്യൻ സൂചികകളും എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചു.
ഡോളറിന്റെ കത്തിക്കയറ്റം
കഴിഞ്ഞ ചില വർഷങ്ങളായി സ്വർണത്തിനും യുഎസ് ഡോളറിനും തമ്മിൽ ഒരു വിപരീത ബന്ധം ഉള്ളതായി കാണാം. യുഎസ് ഡോളറിന്റെ വില ഉയരുമ്പോൾ സ്വർണ വില ഇടിയും. യുഎസ് ഡോളർ കൂടുതൽ ശക്തി പ്രാപിച്ചാൽ മറ്റ് കറൻസികൾക്ക് സ്വർണം കൂടുതൽ ചെലവേറിയതായി തീരും. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും അത് വില ഇടിയാൻ കാരണമാകുകയും ചെയ്യും. ഇത് പ്രകാരം ഡോളറിന്റെ വില കുറഞ്ഞാൽ മറ്റു കറൻസികളിൽ സ്വർണം കുറഞ്ഞ വിലയിൽ ലഭിക്കും. ഇതോടെ ഏവരും സ്വർണം വാങ്ങാൻ ആരംഭിക്കും. ഇത് സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും വില ഉയരാൻ കാരണമാകുകയും ചെയ്യും. എന്നാൽ ചില സമയങ്ങളിൽ സ്വർണവും ഡോളറും ഒരുപോലെ മുകളിലേക്ക് നീങ്ങുന്നത് കാണാം.
വർദ്ധിച്ച് വരുന്ന ബോണ്ട് വരുമാനം
2020 ആഗസ്റ്റിൽ 10 വർഷത്തെ യുഎസ് ബോണ്ട് വരുമാനം 0.52 ശതമാനം ആയിരുന്നു. ഇന്ന് ഇത് 1.6 ശതമാനമായി ഉയർന്നിരിക്കുകയാണ്. ബോണ്ട് വില ഉയരുമ്പോൾ സ്വർണം കെെവശം സൂക്ഷിക്കുന്നത് ഏറെ ചെലവുള്ളതാകും. സ്വർണത്തേക്കാൾ കൂടുതലായി ബോണ്ടുകൾ വരുമാനം നൽകുന്നതിനാൽ തന്നെ നിക്ഷേപകർ സ്വർണം വിറ്റുകൊണ്ട് ബോണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപിക്കും. ഇതും സ്വർണ വില ഇടിയാൻ കാരണമായി.
കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചത് തിരിച്ചടിയായി
2021ലെ കേന്ദ്ര ബജറ്റിൽ വിദേശത്ത് നിന്നും കൊണ്ട് വരുന്ന സ്വർണത്തിന്റെ കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചിരുന്നു. 12 ശതമാനത്തിൽ നിന്നും 7.5 ശതമാനത്തിലേക്കാണ് ഇത് വെട്ടിക്കുറച്ചത്. ഇതിന് പകരമായി അഗ്രികൾച്ചറൽ ആന്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് സെസ് ഇനത്തിൽ അധികമായി 2.5% സെസ് നിർദ്ദേശിച്ചു. ഈ പ്രഖ്യാപനത്തിന് പിന്നാലെ എം.സി.എക്സിലെ ഗോൾഡ് ഫ്യൂച്ചേഴ്സ് 3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
സ്വർണ വിപണിയിൽ വലിയ രീതിയിലുള്ള ഊഹകച്ചവടം നടക്കുന്നുണ്ട്. വീണ്ടെടുക്കുന്നതിന് മുമ്പ് സ്വർണ വില 10 ഗ്രാമിന് 41,000 മുതൽ 42,000 രൂപ വരെ എത്തുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊവിഡിന്റെ രണ്ടാം തരംഗം, ലോക്ക്ഡൗൺ ഭീതി, വാക്സിന്റെ ലഭ്യത കുറവ്, വർദ്ധിച്ചുവരുന്ന കടം എന്നിവ എല്ലാം തന്നെ സ്വർണവില ഉയരാൻ സഹായിക്കുന്ന ഘടകമാണ്. എന്നാൽ സ്വർണത്തിന് പകരമായി ബോണ്ടുകളിൽ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?10 വർഷത്തെ യുഎസ് ബോണ്ട് വരുമാനം അടുത്തിടെ എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചിരുന്നു. ഒന്നിങ്കിൽ നിങ്ങൾക്ക് ചാഞ്ചാട്ടമുള്ള സ്വർണ വിപണിയിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ സുരക്ഷിതമായ ബോണ്ടുകളിൽ നിക്ഷേപം നടത്താം. പണപ്പെരുപ്പം, ദീർഘകാല ബോണ്ട് വരുമാനം,യുഎസ് ഫെഡ് നിരക്ക് എന്നിവയെ അടിസ്ഥാനമാക്കി വേണം സ്വർണത്തിൽ നിക്ഷേപം നടത്താൻ.
Post your comment
No comments to display