ആശങ്ക പരത്തി ആർബിഐ നടപടി, ആർബിഎൽ ബാങ്ക് ഓഹരി 23 ശതമാനം ഇടിഞ്ഞത് എന്ത് കൊണ്ട്?

Home
editorial
what-led-to-the-23-fall-in-rbl-bank
undefined

കഴിഞ്ഞ ദിവസം RBL Bank-ന്റെ ഓഹരി 23 ശതമാനത്തിന്റെ ഇൻട്രാഡേ പതനമാണ് കാഴ്ചവച്ചത്. ബാങ്കുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ ഓഹരി ഉടമകളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ആർബിഎൽ ബാങ്കിന്റെ ഓഹരി വിലയിൽ ഇടിവ് ഉണ്ടാകാനുള്ള കാരണത്തെ പറ്റിയും മറ്റു സാധ്യതകളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

കഥ ഇങ്ങനെ

 1. കഴിഞ്ഞ ആഴ്ചയുടെ അവസാനം ആർബിഎൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ (എംഡി), ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എന്നീ സ്ഥാനങ്ങളിൽ നിന്ന് വിശ്വവീർ അഹൂജ രാജിവച്ചു. ഇതിന് പിന്നാലെ ബാങ്ക് രാജീവ് അഹൂജയെ ഇടക്കാല എംഡിയും സിഇഒയുമായി നിയമിച്ചു.

 2. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ചീഫ് ജനറൽ മാനേജർ യോഗേഷ് കെ ദയാലിനെ ആർബിഎൽ ബാങ്കിന്റെ അഡീഷണൽ ഡയറക്ടറായി ശനിയാഴ്ച നിയമിച്ചു.

2010 മുതൽ ആർബിഎൽ ബാങ്കിൽ പ്രവർത്തിച്ചിരുന്ന വിശ്വവീർ അഹൂജ ബാങ്കിനെ അറിയപ്പെടുന്ന സ്വകാര്യ വായ്പാ ദാതാവായി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. എന്നിരുന്നാലും, അദ്ദേഹം അടിയന്തരമായി സ്ഥാനം ഒഴിഞ്ഞത് എന്തിനെന്ന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും, ആർബിഎൽ ബാങ്കും അഹൂജയും അദ്ദേഹത്തിന്റെ കാലാവധി തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അഭ്യൂഹങ്ങളുണ്ട്, എന്നാൽ ആർബിഐ അതിന് അനുമതി നൽകിയില്ല.

ഈ വർഷം ആദ്യം, വിശ്വവീർ അഹൂജയെ മൂന്ന് വർഷത്തേക്ക് കൂടി സിഇഒ ആയി നിയമിക്കുന്നതിന് ആർബിഎൽ ബാങ്ക് ആർബിഐയിൽ നിന്ന് അനുമതി തേടിയിരുന്നു. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ആർബിഐ പിന്നീട് അനുവദിച്ചിരുന്നു. ആർബിഐ ചട്ട പ്രകാരം 2025 വരെ പുനർ നിയമനത്തിന് അഹൂജ അർഹനായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കാലാവധി ഒരു വർഷത്തിനപ്പുറം പുതുക്കിയില്ല. 

സെൻട്രൽ ബാങ്കിന്റെ ഇടപെടൽ:

നിയന്ത്രണത്തിലോ മേൽനോട്ടത്തിലോ ബോർഡിന് അടുത്ത പിന്തുണ ആവശ്യമാണെന്ന് തോന്നുമ്പോഴാണ് സ്വകാര്യ ബാങ്കുകളിൽ ആർബിഐ അധിക ഡയറക്ടർമാരെ നിയമിക്കുന്നത്. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിന്റെ സെക്ഷൻ 36 എബി പ്രകാരം ഒരു ബാങ്കിംഗ് നയത്തിന്റെ താൽപ്പര്യത്തിനോ പൊതുതാൽപ്പര്യത്തിനോ ആയി ബാങ്കിന്റെ അഡീഷണൽ ഡയറക്‌ടർമാരായി അധികാരം വഹിക്കാൻ ആർബിഐക്ക് ആളുകളെ നിയമിക്കാം.

അതേസമയം ആർബിഎൽ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി തൃപ്തികരമായി തുടരുന്നു എന്ന്  ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സെപ്തംബർ 30, 2021 ലെ അർദ്ധവാർഷിക ഓഡിറ്റ് ഫലങ്ങൾ അനുസരിച്ച്, ബാങ്ക് 16.33 ശതമാനത്തിന്റെ സിഎആറും76.6 ശതമാനത്തിന്റെ പ്രൊവിഷൻ കവറേജ് അനുപാതവും നിലനിർത്തിയിട്ടുണ്ട്.  ബാങ്കിന്റെ ലിക്വിഡിറ്റി കവറേജ് റേഷ്യോ എന്നത് 2021 ഡിസംബർ 24ലെ കണക്കുപ്രകാരം 153 ശതമാനമാണ്.റെഗുലേറ്ററി ആവശ്യപ്പെടുന്നത് 100 ശതമാനമാണ്.

സിഎആർ എന്നത് ഒരു ബാങ്കിന്റെ മൂലധനവും അതിന്റെ അപകടസാധ്യതയും തമ്മിലുള്ള അനുപാതമാണ്.  ബാങ്കിന് ന്യായമായ നഷ്ടം ഉൾക്കൊള്ളാൻ കഴിയുമോ എന്നും നിയമാനുസൃത മൂലധന ആവശ്യകതകൾ പാലിക്കുന്നുണ്ടോ എന്നും ഉറപ്പാക്കാൻ ഇത് ഉപയോഗിക്കുന്നു. ഇന്ത്യയിൽ ബാങ്കുകൾ 9 മുതൽ 12 ശതമാനം വരെ സിഎആർ നിലനിർത്തേണ്ടതുണ്ട്. കിട്ടാക്കടം മൂലമുള്ള നഷ്ടങ്ങൾക്കായി ബാങ്ക് നീക്കിവെക്കുന്ന ഫണ്ടുകളുടെ ശതമാനമാണ് പിസിആർ. സാധാരണഗതിയിൽ, 70 ശതമാനത്തിൽ കൂടുതൽ എന്ന പിസിആർ അനുപാതം ബാങ്കുകൾക്ക് ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. അതേസമയം, ഹ്രസ്വകാല ബാധ്യതകൾ നിറവേറ്റുന്നതിനുള്ള അവരുടെ നിലവിലുള്ള കഴിവ് ഉറപ്പാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുന്ന ഉയർന്ന ലിക്വിഡ് ആസ്തികളുടെ അനുപാതത്തെ ലിക്വിഡിറ്റി കവറേജ് റേഷ്യോ എന്ന് പറയപ്പെടുന്നു.

ബാങ്കിന്റെ മൂലധനവും സാമ്പത്തിക നിലയും തൃപ്‌തികരമാണെന്നിരിക്കെ, പൊതുതാൽപ്പര്യം മുൻനിർത്തി എന്തിനാണ് ആർബിഐ വകുപ്പ് 36എബി ഉപയോഗിച്ചതെന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നു. നിക്ഷേപകരുടെ സുരക്ഷയെയും ആർബിഎൽ ബാങ്കിന്റെ സോൾവൻസിയെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചതിനാൽ ഈ നീക്കം നിക്ഷേപകർ  നെഗറ്റീവ് ആയി കാണുന്നു.

മുന്നിലേക്ക് എന്ത്?

വിശ്വവീർ അഹൂജയുടെ അപ്രതീക്ഷിതമായ രാജിയും ആർബിഐയുടെ തീരുമാനങ്ങളും ആത്യന്തികമായി ആർബിഎൽ ബാങ്കിന്റെ ഓഹരി വില 52 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഓഹരി 18.48 ശതമാനം ഇടിഞ്ഞ് 140.95 രൂപയിലെത്തിയിരുന്നു. ബാങ്കും ആർബിഐയും കൈക്കൊണ്ട നടപടികളിൽ വിപണി ആശയകുഴപ്പത്തിലാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആർബിഎൽ ബാങ്കിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളിൽ ധനമന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് യൂണിയനുകളും ആശങ്ക പ്രകടിപ്പിച്ചു. ബാങ്കിൽ എന്താണ് സംഭവിച്ചതെന്ന് വ്യവസായ വിദഗ്ധർ വ്യക്തത തേടി. ഞായറാഴ്ച നടന്ന മാനേജ്‌മെന്റിന്റെ കമന്ററി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം  നൽകിയിട്ടില്ല.

ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുമെന്ന് ആർബിഎൽ ബാങ്കിന്റെ മാനേജ്മെന്റ് ക്രിസ്മസ് ദിനത്തിൽ ഏവർക്കും ഉറപ്പുനൽകി. ബാങ്കിന് 15,000 കോടി രൂപ മിച്ചമുണ്ടെന്ന് ഇടക്കാല സിഇഒ രാജീവ് അഹൂജ പറഞ്ഞു. മുൻ പാദങ്ങളെ അപേക്ഷിച്ച് ആസ്തി നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ സ്ഥിരതയുള്ളതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് അതിന്റെ ലോൺ ബുക്ക് റീബാലൻസ് ചെയ്യാനും അപകടസാധ്യതയുള്ള സുരക്ഷിതമല്ലാത്ത ലെൻഡിംഗ് ബുക്ക് വെട്ടിക്കുറയ്ക്കാനുമുള്ള പ്രക്രിയയിലാണ്. മുൻ പാദങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ആർബിഎൽ ബാങ്ക് മികച്ച ലാഭം നേടിയേക്കും. ബാങ്കിന്റെ ഫലപ്രഖ്യാപനങ്ങളും മറ്റ് റെഗുലേറ്ററി നടപടികളും സൂക്ഷമായി നിരീക്ഷിക്കുക.

ആർബിഎൽ ബാങ്കിന്റെ നിലവിലെ സ്ഥിതിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.


Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023