കേന്ദ്ര ബജറ്റ്, നേട്ടം കൊയ്യാൻ സാധ്യതയുള്ള മേഖലകൾ ഇവയൊക്കെ

Home
editorial
union budget 2021 expectations
undefined

ഫെബ്രുവരി 1ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാൻ ഒരുങ്ങുന്ന കേന്ദ്ര ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്  രാജ്യം ഇപ്പോൾ. കൊവിഡ് മൂലം തകർന്ന സമ്പദ്‌വ്യവസ്ഥയെ കെെപിടിച്ചുയർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നതാകും ഇത്തവണത്തെ കേന്ദ്ര ബജറ്റ്. കഴിഞ്ഞ 100 വർഷത്തിനുള്ളിൽ  കണ്ടിട്ടുള്ളതിൽ വച്ച് ഏറെ  വ്യത്യസ്തമായിരിക്കും  2021ലെ  ബജറ്റ്  എന്ന് ധനമന്ത്രി  നിർമ്മല സീതാരാമൻ  നേരത്തെ പറഞ്ഞിരുന്നു.

ബജറ്റിലൂടെ ഇന്ത്യയിലെ നിരവധി മേഖലകളെ ഉതേജിപ്പിക്കുന്നതിനായി കേന്ദ്രം പദ്ധതിയിടുന്നതായും ഇതിലൂടെ നിശ്ചിത മേഖലകൾ നേട്ടം കൈവരിച്ചേക്കുമെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി ചില റിപ്പോർട്ടുകളും കിംവദന്തികളും  പുറത്തുവന്നിരുന്നു. ഇത്തരം മേഖലകളും അവയിലെ സാധ്യതകളും നമ്മുക്ക്  പരിശോധിക്കാം.

കാർഷിക മേഖല

കൊവിഡ് മഹാമാരിയുടെ പിടിയിൽ അകപെട്ട് എല്ലാ മേഖലകളും തകർന്നുവീണപ്പോൾ ഇന്ത്യൻ  സമ്പദ്‌വ്യവസ്ഥയ്ക്ക് കെെതാങ്ങായിരുന്നത് കാർഷിക മേഖല മാത്രമാണ്. ഡൽഹിയിൽ കർഷക പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ കാർഷിക മേഖലയ്ക്ക് അനുകൂലമായ ഒരു ബജറ്റാകും കേന്ദ്രം ഇത്തവണ പ്രഖ്യാപിക്കുക എന്നാണ് ഞാൻ കരുതുന്നത്.  കേന്ദ്ര ബജറ്റ് കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനാൽ തന്നെ ‘കർഷകക്ഷേമം’ എന്നതായിരിക്കും  ഇത്തവണത്തെ ബജറ്റിന്റെ പ്രധാന  ആശയം. 

കർഷകർക്കായി വെയർഹൌസ്,കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നതായും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഫാം ഗേറ്റ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കൽ, രൂപീകരണം, കർഷക കൂട്ടായ്മ ശക്തിപ്പെടുത്തൽ എന്നിവയിലും  കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. രാസവസ്തുക്കളുടെയും വളങ്ങളുടെയും വില വർദ്ധനവിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. 

അതേസമയം സമരങ്ങളുടെ ഭാഗമായി കർഷകർ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. അടിസ്ഥാനമായ താങ്ങുവിലയിൽ  സർക്കാർ ഉറപ്പു നൽകണമെന്നും മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അവർ അവശ്യപെട്ടു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ബജറ്റ് പ്രഖ്യാപനത്തിലൂടെ സമരം അവസാനിപ്പിക്കാനുള്ള നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമോ എന്ന്  കണ്ടറിയാം.

ആരോഗ്യമേഖല 

കൊവിഡ് മഹാമാരി വന്നതോടെ ശക്തമായ  ആരോഗ്യസംവിധാനം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ലോക രാജ്യങ്ങൾ മനസിലാക്കി കഴിഞ്ഞു. ഇക്കാരണത്താൽ തന്നെ വരുന്ന ബജറ്റിൽ പൊതു ആരോഗ്യ മേഖലയ്ക്കായി കേന്ദ്ര സർക്കാർ കൂടുതൽ പണം ചെലവഴിച്ചേക്കും. രാജ്യത്തെ മുഴുവൻ സർക്കാർ ആശുപത്രികളുടെയും  പ്രവർത്തന ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഏവർക്കും വ്യക്തമായി. ഇതിന്റെ ഭാഗമായി  ആരോഗ്യ സൗകര്യങ്ങൾ ആവശ്യമുള്ള സാമ്പത്തികമായി ദുർബലരായ ഇന്ത്യക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രം നടപ്പാക്കിയ ആയുഷ്മാൻ  ഭാരത് പദ്ധതിയിലേക്ക് കൂടുതൽ ഫണ്ട് അനുവദിച്ചേക്കും.

സീറോ റേറ്റിംഗ് ജി.എസ്.ടി നടപ്പാലാക്കി കൊണ്ട് ആരോഗ്യ മേഖലയിലെ ചെലവുകൾ കൂടുതൽ കുറയ്ക്കാനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചേക്കും. സീറോ റേറ്റിംഗ് എന്നാൽ വിതരണത്തെ  മുഴുവനായി നികുതിയിൽ നിന്ന് ഒഴിവാക്കും. ആരോഗ്യ സേവനങ്ങളുടെ ചെലവിൽ നികുതി ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനും ഇത് സഹായകരമാകും.

ആരോഗ്യമേഖലയിലെ പ്രധാന ആവശ്യകതകളിൽ ഒന്നാണ് വിദഗ്ദരായ ആരോഗ്യപ്രവർത്തകരുടെ സേവനം. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെയും   ടെക്നോളജികളുടെയും വരവോടു കൂടി ആരോഗ്യപ്രവർത്തകർക്ക്  അത് ഏറെ സഹായകരമായേക്കും. ഇതിനൊപ്പം ഭാവിയിൽ സംഭവിച്ചേക്കാനിടയുള്ള ആരോഗ്യ അടിയന്തരാവസ്ഥകൾ മുന്നിൽ കണ്ടുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി തുകവകയിരുത്തേണ്ടതും  അനിവാര്യമാണ്. 

ബാങ്കിംഗ് മേഖല

കൊവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തിക സ്ഥിതി കടുത്ത സമ്മർദത്തിലാണ് നിലകൊള്ളുന്നത്. ബാങ്കിംഗ്  മേഖല  ആസ്തി ഗുണനിലവാര പ്രശ്‌നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ   ബാങ്കിംഗ് മേഖലയിൽ  മികച്ച ഭരണം നടപ്പാക്കുന്നതിനും നിയന്ത്രണങ്ങളിൽ  ഇളവ് നൽകുന്നതിനും  സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിദഗ്ദർ പറയുന്നു. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ൽ നിന്ന് 4 ആയി കുറയ്ക്കുമെന്നും കരുതപ്പെടുന്നു.

ഏറ്റവും മോശം അവസ്ഥയിലുള്ള  ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (non-performing assets)  2021 സെപ്റ്റംബറോടെ 14.8 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് ചെയ്തു. കൊവിഡ് പകർച്ചവ്യാധിക്ക്  ശേഷം മോശം വായ്പകളുടെ വരവ് കൈകാര്യം ചെയ്യുന്നതിനായി ഒരു ‘bad bank’ സ്ഥാപിക്കുന്നതിനുള്ള  ആശയം  അടുത്തിടെ ധനകാര്യ മന്ത്രാലയം മാധ്യമങ്ങളുമായി   പങ്കുവച്ചിരുന്നു. ഒരു മോശം ബാങ്കിന് വിപണി വിലയ്ക്ക് ബാങ്കുകളിൽ നിന്ന് മോശം വായ്പകൾ വാങ്ങാൻ സാധിക്കും. ഇത് ബാങ്കിംഗ് സംവിധാനത്തിലെ സമ്മർദ്ദമുള്ള എല്ലാ ആസ്തികളുടെയും അഗ്രഗേറ്ററായി  പ്രവർത്തിക്കും. ഇതിലൂടെ ബാങ്കുകളുടെ ധനസമാഹരണ ശേഷി മെച്ചപ്പെടുത്താനും ബാലൻസ് ഷീറ്റുകൾ ക്ലിയർ ചെയ്യാനും സാധിക്കും.

ഓട്ടോ മൊബെെൽ മേഖല

കൊവിഡ് പ്രതിസന്ധിക്ക് മുമ്പായി  ഓട്ടോ മൊബെെൽ മേഖല
താഴേക്ക്   കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരുന്നത്. ഉടമസ്ഥാവകാശ ചെലവ് റെഗുലേറ്ററിയിൽ ഉണ്ടായ മാറ്റങ്ങൾ എല്ലാം ഇതിന് കാരണമായി. ഇന്ത്യയിലെ വാഹന വിൽപ്പന 2020 ഓടെ 30 ശതമാനം കുറയുമെന്നും മൂഡി  റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ
ഉത്സവകാലമായതോടെ വാഹനങ്ങളുടെ വിൽപ്പന കുതിച്ചുകയറിയെങ്കിലും ആവശ്യക നിലനിൽക്കുമോയെന്ന ആശങ്കയിലായിരുന്നു കമ്പനികൾ. നിർമ്മാണ ചെലവ് വർദ്ധിച്ചതോടെ വൻകിട കമ്പനികൾ അവരുടെ ഇരുചക്ര ,പാസഞ്ചർ വാഹനങ്ങളുടെ വിലയും വർദ്ധിപ്പിച്ചിരുന്നു.

യൂണിയൻ ബജറ്റ് പ്രഖ്യാപിക്കുമ്പോൾ ഓട്ടോമൊബൈൽ മേഖല ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

  • നിലവിൽ 50,000 രൂപ വില വരുന്ന ഒരു ബൈക്കിന് 28% ജി.എ.സ്ടി ചുമത്തുന്നു. ഇത് ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു പാസഞ്ചർ കാറിന് സമാനമാണ്. 10% ജി.എ.സ്ടി കുറച്ചാൽ ഇരുചക്ര വാഹനങ്ങളുടെ ആവശ്യകത  വർധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
  • അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള വാഹന വായ്പകളെ  priority sector lending  (PSL) ആയി  ബാങ്കുകൾക്ക്  കണക്കാക്കാം. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ വായ്പ നൽകാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ  വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കും. 
  • 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങാതെ നശിപ്പിക്കുന്നിനുള്ള  വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി
    ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ഇത് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഏറെ പ്രചോദനമാകും.

  • ഇലക്ട്രിക് മൊബിലിറ്റി സർക്കാർ പ്രാധാന്യം നൽകുന്ന മറ്റൊരു മേഖലയാണ്.  ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ  (EV) നിക്ഷേപം നടത്താൻ  തയ്യാറായി  നിരവധി ഇന്ത്യൻ പ്രൊമോട്ടർമാരും അന്താരാഷ്ട്ര ഗ്രൂപ്പുകളും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ  ഇതിന്റെ  ആവശ്യകത വർദ്ധിപ്പിക്കുന്നതിന് ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷൻ ഉൾപെടെയുള്ള കാര്യങ്ങൾ ഇന്ത്യയിൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. 

റിയൽ എസ്റ്റേറ്റ് മേഖല

ഇന്ത്യയുടെ വളർച്ചയിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കുള്ള പങ്ക് വളരെ വലുതാണ്. കൊവിഡ് പ്രതിസന്ധി സ്ഥലവിൽപ്പനയിലും കെട്ടിട നിർമാണങ്ങളിലും തടസം സൃഷ്ടിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തിയപ്പോൾ വീണ്ടെടുക്കൽ ആരംഭിച്ച റിയൽ എസ്റ്റേറ്റ് മേഖലയക്ക് കൂടുതൽ സഹായം ആവശ്യമാണ്. ഡിമാൻഡ് വീണ്ടെടുക്കുന്നതിനും ഡവലപ്പർമാർ നേരിടുന്ന സപ്ലൈ-സൈഡ് വെല്ലുവിളികൾ മറികടക്കുന്നതിനുമുള്ള
സർക്കാർ സഹായങ്ങൾ  ഭവന നിർമാണ  മേഖല പ്രതീക്ഷിക്കുന്നു.

വീട്ട് ഉടമസ്ഥർക്കുള്ള നിലവിലെ  ആദായനികുതി ആനുകൂല്യങ്ങൾ വിപുലീകരിക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിനാൽ തന്നെ വീട് വാങ്ങുവാനായി  മിതമായ നിരക്കിൽ ഭവനവായ്പയും വായ്പ പേയ്‌മെന്റിൽ മൊറട്ടോറിയവും ലഭിക്കുമെന്നും ഏവരും പ്രതീക്ഷിക്കുന്നു. ഇത് കൂടുതൽ ആളുകൾക്ക്  വീടുകൾ വാങ്ങുന്നതിന് പ്രചോദനമാകും.

വാടക വരുമാനത്തിന്റെ നികുതി ബാധ്യതയിൽ നിന്ന് സിമൻറ് പോലുള്ളവയുടെ GST  നിശ്ചയിക്കാൻ  റിയൽ എസ്റ്റേറ്റ് ഡവലപ്പർമാരെ അനുവദിക്കണമെന്ന് റിയൽറ്റി സ്ഥാപനങ്ങൾ സർക്കാരിനോട് ആവശ്യപെട്ടു. ഇത് ഇരട്ടനികുതി ഏർപ്പെടുത്തുന്നത് തടയുകയും ഐടി, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യയുടെ നേട്ടം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

കൊവിഡ് സെസ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സംരക്ഷണം, കുടിവെള്ളം, പാർപ്പിടം തുടങ്ങിയ ജനങ്ങളുടെ  അടിസ്ഥാന  ആവശ്യങ്ങളിലേക്ക് സർക്കാർ  കൂടുതൽ  ശ്രദ്ധപുലർത്തിയേക്കും. പ്രതിസന്ധി മറികടക്കുന്നതിനായി ജനങ്ങളുടെ കെെകളിലേക്ക് പണം എത്തുന്നതിനായി സർക്കാർ നടപടികൾ സ്വീകരിച്ചേക്കും. നികുതി ഇളവ് നൽകുന്നതിലൂടെ ഇത് സാധ്യമാണെന്ന് കരുതപ്പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെ വി ആകൃതിയിലുള്ള വീണ്ടെടുക്കൽ ഉറപ്പാക്കുന്നതിന് എല്ലാ സാമ്പത്തിക സ്രോതസ്സുകളും വിനിയോഗിക്കേണ്ടതുണ്ട്.

അതേസമയം കൊവിഡ് മൂലമുണ്ടായ  പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്രം കൊവിഡ് സെസ് നടപ്പാക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ 2 ശതമാനം കൊവിഡ് സെസ് ഏർപ്പെടുത്തിയാൽ മൊത്തം 6 ശതമാനം വരെ സെസ് നൽകേണ്ടി വരും. നിലവിൽ ആദായ നികുതിക്ക് പുറത്ത്  4 ശതമാനം  സെസാണ് സർക്കാർ  ഈടാക്കുന്നത്.

ജനങ്ങളിൽ നിന്നും ഈടാക്കുന്ന സെസ് കേന്ദ്ര സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുമെങ്കിലും  സംസ്ഥാനങ്ങൾക്ക് ഇതിൽ നിന്നും ഒന്നും ലഭിക്കില്ല. കൊവിഡ് സെസ് ആദ്യഘട്ടത്തിൽ കോർപ്പറേറ്റുകളിൽ നിന്നും സമ്പന്നൻമ്മാരായ വ്യക്തികളിൽ നിന്നും മാത്രമാകും ഈടാക്കുകയെന്നും സൂചനകളുണ്ട്.

നിഗമനം

കേന്ദ്ര ബജറ്റിൽ നിന്നും നേട്ടമുണ്ടായേക്കാവുന്ന അഞ്ച് മേഖലകളെ കുറിച്ചു മാത്രമാണ് നമ്മൾ ചർച്ച ചെയ്തത്.  FMCG, റീട്ടയൽ, ഊർജ്ജ മേഖല, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങി നിരവധി മേഖലകളും ബജറ്റിലൂടെ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. ആത്മനിർഭർ ഭാരതിന്റെ കീഴിൽ കുടുതൽ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തയ്യാറായേക്കും. ഇതിന്റെ ഭാഗമായി കൂടുതൽ മേഖലകൾക്കായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്  (PLI) പദ്ധതികൾ ആരംഭിച്ചേക്കും. ഇത്  ആഭ്യന്തര, ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയിലെ ഉത്പാദന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ രാജ്യത്തെ ലക്ഷ കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും. പുനരുപയോഗ ഊർജത്തിനും അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കും ബജറ്റിൽ പ്രാധാന്യം നൽകിയേക്കും.

ക്രിപ്‌റ്റോകറൻസിയിൽ   നിയന്ത്രണങ്ങൾ ഏർപ്പടുത്തുന്നതിനുള്ള  ബില്ലും ഈ ബജറ്റിൽ മോദി സർക്കാർ കൊണ്ട് വന്നേക്കും. ഇത്  ബിറ്റ്  കോയിന് പോലുള്ള സ്വകാര്യ  ക്രിപ്‌റ്റോകറൻസി സ്ഥാപനങ്ങളെ
ഉപരോധിക്കുന്നതിനും  വഴിയോരുക്കിയേക്കും. ഇതിനൊപ്പം ഇന്ത്യൻ രൂപയുടെ  ഡിജിറ്റൽ പതിപ്പിറക്കുന്നതിനും കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്.

എല്ലാ മേഖലയിലുമുള്ള വിദഗ്ധരിൽ നിന്നും കേന്ദ്ര ധനമന്ത്രാലയം നിർദേശങ്ങൾ തേടിയിട്ടുണ്ട്. ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ തന്നെ  ഏറ്റവും പ്രധാനപ്പെട്ട ബജറ്റുകളിലൊന്നാണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്. ഇത് കൂടുതൽ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കിയേക്കും. എല്ലാ മേഖലകൾക്കും ആവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുമൊയെന്ന് ബജറ്റ് അവതരണ ദിവസം നമ്മുക്ക് കണ്ടറിയാം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023