വേലി തന്നെ വിളവ് തിന്നുമ്പോൾ; എൻഎസ്ഇ തട്ടിപ്പിൽ യോഗിക്ക് പിന്നാലെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി സിബിഐ

Home
editorial
the-nse-scam-himalayan-yogi-and-more-explained
undefined

ഒരാഴ്ച മുമ്പാണ് കോ ലൊക്കേഷൻ കേസുമായി ബന്ധപ്പെട്ട് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഏതോ ‘ഹിമാലയൻ യോഗിയുടെ’ സ്വാധീനത്തിൽ സുപ്രധാന മാനേജ്‌മെന്റ് തീരുമാനങ്ങൾ എടുത്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ (GOO) ആനന്ദ് സുബ്രഹ്മണ്യനുമായി യോഗിക്ക് ബന്ധമുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇദ്ദേഹവും സിബിഐയുടെ കസ്റ്റഡിയിലാണ്. എക്സ്ചേഞ്ചിന്റെ സെർവറിൽ തിരിമറി നടത്തി ചില വൻകിട ബ്രോക്കർമാർക്ക് മെച്ചമുണ്ടാകും വിധം മുൻഗണന നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. എൻഎസ്ഇയിലെ 62 ബ്രോക്കർമാർ, ഉപദേശകർ, വ്യാപാരികൾ, ജീവനക്കാർ തുടങ്ങി അനേകം പേർ തട്ടിപ്പിന്റെ ഭാഗമായതായി റിപ്പോർട്ടുണ്ട്.

എൻഎസ്ഇയിലെ കോ ലൊക്കേഷൻ തട്ടിപ്പ് എന്താണെന്നും സമീപകാല സംഭവങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

എന്താണ് കോ ലൊക്കേഷൻ അഴിമതി?

സാധാരണയായി ബ്രോക്കർമാരുടെ ഓഫീസുകളിലെ മെഷീനുകൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രാഥമിക സെർവറുമായി ബന്ധിപ്പിച്ചു കൊണ്ടാണ് പ്രവർത്തിപ്പിക്കുന്നത്. ഇത്തരം മെഷീനുകൾ ഉപയോഗിച്ചു കൊണ്ടാണ് ബ്രോക്കർമാർ ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള നിർദ്ദേശങ്ങൾ നൽകുന്നത്. അനേകം ആളുകൾ ഒരേസമയം വ്യാപാരം നടത്തുമ്പോൾ ഇതിൽ സാങ്കേതിക തടസങ്ങൾ നേരിടാനുള്ള സാധ്യത നിലനിൽക്കുന്നു. അതിനാൽ തന്നെ നൽകുന്ന ഓർഡറിൽ താമസം ഉണ്ടാവുകയും ഇതിലൂടെ ബ്രോക്കർമാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഒരുപോലെ നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. 

2009ൽ നിശ്ചിത ഫീസ് ഇടാക്കി കൊണ്ട് ബ്രോക്കർമാർക്കായി എൻ.എസ്.ഇ കോ ലൊക്കേഷൻ സർവീസ് ആരംഭിച്ചു. ഇതിലൂടെ പ്രീമിയം തുക നൽകി കൊണ്ട് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ അടുത്തായി തന്നെ സെർവറുകൾ സ്ഥാപിക്കാൻ ബ്രോക്കിംഗ് സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചു. ഇതിലൂടെ ബ്രോക്കർമാർക്ക് കൃത്യമായ വില ഡാറ്റ ലഭിക്കുകയും ഓർഡറുകൾ വേഗത്തിൽ നൽകാൻ സാധിക്കുകയും ചെയ്തു. കോ-ലൊക്കേഷൻ സേവനങ്ങൾ പ്രയോജനപ്പെടുത്തിയ ബ്രോക്കർമാർക്ക് ഇത് ഇല്ലാത്തവരേക്കാൾ വൻ തോതിൽ നേട്ടമുണ്ടാക്കാൻ സാധിച്ചു. ഈ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ആൽഗോ അല്ലെങ്കിൽ ഹൈ-ഫ്രീക്വൻസി ട്രേഡിംഗ് (HFT) ഉപയോഗിച്ചു, ഇതിലൂടെ  അൽഗോരിതം അടിസ്ഥാനമാക്കി കമ്പ്യൂട്ടറുകൾ തന്നെ നിമിഷങ്ങൾക്കുള്ളിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. ഇതേതുടർന്ന് ബ്രോക്കർമാർക്ക് സ്ഥിരമായി ലാഭമുണ്ടാക്കാൻ സാധിച്ചു.

എൻഎസ്ഇയുടെ കോ-ലൊക്കേഷൻ സേവനങ്ങളുടെ നേരെ സെബി കണ്ണടച്ചു. യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളോ മാർഗ നിർദ്ദേശങ്ങളോ ഇത് സംബന്ധിച്ച് സെബി നൽകിയില്ല.

തട്ടിപ്പ് ഇങ്ങനെ

പ്രൈമറി സെർവർ ബാക്കപ്പ് സെക്കൻഡറി സെർവർ എന്നിങ്ങനെ രണ്ട് തരം സെർവറുകളിലായാണ് എൻഎസ്ഇയിലെ എല്ലാത്തരം വ്യാപാരങ്ങളും നടക്കുന്നത്. കോ-ലൊക്കേഷൻ സേവനങ്ങൾക്ക് കീഴിൽ, ബ്രോക്കർമാരുടെ സെർവറുകൾ  പ്രാഥമിക സെർവറുമായി ബന്ധിപ്പിച്ചിരിക്കുന്നു. സാങ്കേതിക തകരാറുണ്ടായാൽ, അവ ബാക്കപ്പ് സെർവറുകളുമായി ബന്ധിപ്പിക്കും. 

ഏത് സെക്കണ്ടറി സെർവർ എപ്പോൾ ഓണാക്കുമെന്ന് അറിയാൻ മിക്ക ബ്രോക്കർമാരും എൻഎസ്ഇയിലെ ജീവനക്കാരുമായി നല്ല ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ സെർവറിലേക്ക് ആദ്യമായി കണക്റ്റുചെയ്യുന്നതും പിന്നീട് അവയെ ജനങ്ങളിലേക്ക് എത്തിക്കുന്നതും ഈ ബ്രോക്കർമാരായിരിക്കും. ഇതോടെ വർദ്ധിച്ച ട്രാഫിക് കാരണം മറ്റ് ബ്രോക്കർമാരുടെ സെർവർ മന്ദഗതിയിൽ പ്രവർത്തിക്കും.  പിന്നീട് എക്‌സ്‌ചേഞ്ച് സെർവറുമായി കണക്‌റ്റ് ചെയ്യുന്ന മറ്റ് വ്യാപാരികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏറ്റവും കുറഞ്ഞ ലോഡിൽ എൻഎസ്‌ഇ സെർവറിലേക്ക് ലോഗിൻ ചെയ്‌ത ഒരു വ്യാപാരിക്ക് ആദ്യം വാങ്ങൽ/വിൽപന ഓർഡറുകൾ, ഓർഡർ പരിഷ്‌ക്കരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി ലഭിക്കും.

ഒപിജി സെക്യൂരിറ്റീസ് എന്ന സ്ഥാപനം ഈ സംവിധാനം മുതലെടുത്തതായി ആരോപിക്കപ്പെടുന്നു. ഇങ്ങനെ പലർക്കും എൻഎസ്ഇയുടെ സെർവറുകളിലേക്ക് മുൻഗണനാ കണക്ഷനുകൾ നൽകി. ഇതിനൊപ്പം തന്നെ സമ്പർക്ക് ഇൻഫോടെയ്ൻമെന്റിന്റെ സഹായത്തോടെ ആൽഫഗ്രെപ്പ് സെക്യൂരിറ്റീസ് എൻഎസ്ഇ സെർവറുകളെ അവരുടേതുമായി ബന്ധിപ്പിക്കുന്ന ‘ഡാർക്ക്-ഫൈബർ’ ലിങ്കുകൾ സജ്ജീകരിച്ചു. എൻഎസ്ഇയിലെ മുതിർന്ന മാനേജ്മെന്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്ക് പോലും ഈ സ്ഥാപനങ്ങളിൽ വ്യക്തിപരമായ താൽപ്പര്യൾ ഉള്ളതായി പറയപ്പെടുന്നു.

അജ്ഞാതന്റെ കത്ത് 

2015ൽ സിംഗപ്പൂരിൽ നിന്നും ‘കെൻ ഫോങ്’ എന്ന പേരിൽ സ്ഥാപനത്തിലെ തന്നെ ഒരു അജ്ഞാതൻ എൻഎസ്ഇയിലെ കോ-ലൊക്കേഷൻ സിസ്റ്റത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സെബിക്ക് കത്തെഴുതിയിരുന്നു. ഡാർക്ക് ഫൈബർ ലൈനുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലക്രമേണ അദ്ദേഹം സെബിക്കും മാധ്യമ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച് അനേകം കത്തുകൾ അയച്ചു. റിപ്പോർട്ടുകൾ പ്രകാരം ദിവസം 50 മുതൽ 100 കോടി രൂപ വരെ ഇതിലൂടെ സ്ഥാപനം സ്വന്തമാക്കിയതായി പറയപ്പെടുന്നു.

ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി സെബി ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചു. ആരോപണത്തിന്റെ സാങ്കേതിക കാര്യങ്ങളിൽ അതിന്റെ സാങ്കേതിക ഉപദേശക സമിതി (ടിഎസി) അന്വേഷണം ആരംഭിച്ചു. അതേസമയം, അഴിമതിയിൽ ഉൾപ്പെട്ട ബ്രോക്കർമാർക്കെതിരെ നടപടിയെടുക്കാൻ എൻഎസ്ഇ ഒരു ഡിസിപ്ലിനറി ആക്ഷൻ കമ്മിറ്റി (ഡിഎസി) രൂപീകരിച്ചു. അഴിമതിയുടെ ഫോറൻസിക് ഓഡിറ്റ് നടത്താൻ ഡെലോയിറ്റ്, ഏണസ്റ്റ് ആൻഡ് യംഗ്, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് എന്നിവയെ നിയോഗിച്ചു. ആദായനികുതി വകുപ്പും സിബിഐയും കോ-ലൊക്കേഷൻ അഴിമതിയിൽ അന്വേഷണം തുടങ്ങി. 2016 ഡിസംബറിൽ എൻഎസ്ഇയുടെ അന്നത്തെ സിഇഒ ചിത്ര രാമകൃഷ്ണയും വൈസ് ചെയർമാൻ രവി നരേനും രാജിവച്ചു. 1300 കോടി രൂപ പിഴ അടയ്ക്കാനും എക്സ്ചേഞ്ച് ആവശ്യപ്പെട്ടു. എന്നാൽ തട്ടിപ്പിൽ ഉൾപ്പെട്ട ബ്രോക്കർമാർക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്തി തുക ഈടാക്കാനാണ് എൻഎസ്ഇ ശ്രമിച്ചത്.

സമീപകാല സംഭവങ്ങൾ

2020 ജനുവരിയിൽ മുൻ എംഡിയും സിഇഒയുമായ രവി നരെയ്ൻ ഉൾപ്പെടെയുള്ള എൻഎസ്ഇയിലെ ഒമ്പത് ഉദ്യോഗസ്ഥരുടെ പേരിലുള്ള കേസുകൾ സെബി ഒഴിവാക്കി. ‘ഡാർക്ക്-ഫൈബർ’ വിഷയത്തിൽ എന്തെങ്കിലും തെറ്റായ പെരുമാറ്റത്തിനോ അട്ടിമറിക്കൊ  പ്രതികളെ ഉത്തരവാദികളാകാൻ കഴിയില്ലെന്ന് അവർ വാദിച്ചു. എങ്കിലും എൻഎസ്ഇയിലെ ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥരിൽ നിന്ന് സെബി പിഴ ഈടാക്കി.

2018 മെയ് മുതൽ കോ-ലൊക്കേഷൻ അഴിമതി അന്വേഷിക്കുന്ന സിബിഐ, എൻഎസ്ഇയുടെ മുൻ സിഇഒ ചിത്ര രാംകൃഷ്ണ ആരെന്ന് അറിയാത്ത ഒരു ഹിമാലയൻ യോഗിക്ക് ഇമെയിൽ വഴി എൻ.എസ്.ഇയുടെ രഹസ്യ വിവരങ്ങൾ പങ്കിട്ടതായി കണ്ടെത്തി. 2013 നും 2015 നും ഇടയിൽ രാമകൃഷ്ണയുടെ ഉപദേശകനായി സേവനമനുഷ്ഠിച്ച ആനന്ദ് സുബ്രഹ്മണ്യനാണ് ഈ യോഗിയെന്ന് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏതാനും വർഷങ്ങൾക്കുള്ളിൽ സുബ്രഹ്മണ്യൻ തന്റെ ശമ്പളം 15 ലക്ഷം രൂപയിൽ നിന്ന് 4.21 കോടി രൂപയായി വർദ്ധിച്ചതായും കാണാം.

തട്ടിപ്പ് കണ്ടെത്തിയതിന് ശേഷം പഴുതുകൾ അടയ്ക്കാനും ആൽഗോ ട്രേഡിംഗും കോ-ലൊക്കേഷൻ സൗകര്യങ്ങളും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാനും സെബി കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. എല്ലാ ട്രേഡിംഗ് അംഗങ്ങൾക്കും ടിക്ക്-ബൈ-ടിക്ക് പ്രൈസ് ഫീഡ് സൗജന്യമാക്കുന്നതിനുള്ള നടപടികൾ ഇതിൽ ഉൾപ്പെടുന്നു. താൽപ്പര്യമുള്ള എല്ലാ ബ്രോക്കർമാർക്കും കുറഞ്ഞ നിരക്കിൽ യോഗ്യരായ വെണ്ടർമാർ വഴി ‘നിയന്ത്രിത കോ-ലൊക്കേഷൻ സേവനങ്ങൾ’ നൽകാനും മാർക്കറ്റ് റെഗുലേറ്റർ എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകരെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും സ്ഥാപിച്ച മാർക്കറ്റ് സ്ഥാപനങ്ങൾ തന്നെ തട്ടിപ്പുമായി വരുമ്പോൾ വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023