ലോകത്തെ ഏറ്റവും തിരക്കുള്ള തുറമുഖങ്ങളിൽ ഒന്ന് അടച്ച് പൂട്ടി ചെെന, ആഗോള വ്യാപാരത്തെ ബാധിക്കുന്നത് എങ്ങനെ?

Home
editorial
the-impact-of-chinas-port-shutdown-on-global-trade
undefined

കഴിഞ്ഞ ആഴ്ചയാണ് ജീവനക്കാർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചെെനയിലെ നിങ്ബോ-ജൗഷാൻ തുറമുഖത്തെ മെഷാൻ ടെർമിനൽ അടച്ചുപൂട്ടിയത്. ഇത് ലോകത്തെ തന്നെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നാണ്. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമായി സുപ്രധാന കയറ്റുമതി സേവനങ്ങൾ നൽകി വരുന്നത് ഈ തുറമുഖം വഴിയാണ്. ദിവസങ്ങളായി ഈ തുറമുഖം അടഞ്ഞു കിടക്കുന്നതിനാൽ ആഗോള തലത്തിൽ തന്നെ ആശങ്ക ഉയർന്ന് വരികയാണ്.

മെഷാൻ ടെർമിനൽ താത്ക്കാലികമായി അടഞ്ഞ് കിടന്നാൽ അത് ആഗോള വ്യാപാരത്തെ ഏത് രീതിയിൽ ബാധിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

നിങ്ബോ-ജൗഷാൻ തുറമുഖം

മൊത്തം കണ്ടെയിനർ വോള്യത്തെ അടിസ്ഥാനമാക്കി നോക്കിയാൽ ചെെനയിലെ  നിങ്ബോ-ജൗഷാൻ തുറമുഖം ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ തുറമുഖമാണ്. കിഴക്കൻ ചൈനാ കടലിന്റെ തീരത്തുള്ള ഷെജിയാങ് പ്രവിശ്യയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. ചൈനയെയും ഏഷ്യയിലെ മറ്റു ഭാഗങ്ങളെയും ആഫ്രിക്കയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന 21 -ആം നൂറ്റാണ്ടിലെ മാരിടൈം സിൽക്ക് റൂട്ടിന്റെ ഭാഗമാണ് ഈ തുറമുഖം.  ചരക്ക് കയറ്റുമതി, അസംസ്കൃത വസ്തുക്കൾ, നിർമിത വസ്തുക്കൾ എന്നിവ കയറ്റുമതി ചെയ്യുന്നതിലാണ് തുറമുഖം കൂടുതൽ ഏർപ്പെട്ടിരുന്നത്.

വേൾഡ് ഷിപ്പിംഗ് കൗൺസിലിന്റെ കണക്കുപ്രകാരം 2019ൽ തുറമുഖം 27.49 ദശലക്ഷം ഇരുപത് അടിക്ക് തുല്യമായ യൂണിറ്റുകൾ കെെകാര്യം ചെയ്തു. കണ്ടെയിനറിന്റെ പ്രതിവർഷം വോള്യം 5 ശതമാനം വർദ്ധിച്ച്28.72 മില്യണായി. 2021-ന്റെ ആദ്യ പകുതിയിൽ എല്ലാ ചൈനീസ് തുറമുഖങ്ങളിലായി ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്തത് നിങ്ബോ-സൗഷൺ തുറമുഖത്താണ്.

ഇലക്ട്രോണിക് സാധനങ്ങൾ, തുണിത്തരങ്ങൾ എന്നിവയും നിങ്ബോ പോർട്ട് വഴി കയറ്റുമതി ചെയ്യുന്നു.  തുറമുഖം വഴി ഇറക്കുമതി ചെയ്യുന്ന ഇനങ്ങളിൽ അസംസ്കൃത എണ്ണ, ഇലക്ട്രോണിക്സ്, അസംസ്കൃത രാസവസ്തുക്കൾ, കാർഷിക ഉത്പന്നങ്ങൾ എന്നിവ ഉൾപ്പെടും. ഇതിനാൽ തന്നെ ആഗോള വ്യാപാരത്തിൽ നിങ്ബോ-ജൗഷാൻ തുറമുഖം പ്രധാന പങ്ക് വഹിക്കുന്നു. 

മെഷാൻ ടെർമിനൽ അടച്ചത് 

കഴിഞ്ഞ ബുധനാഴ്ചയാണ് മെഷാൻ ടെർമിനലിലെ 34 കാരനായ ജീവനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സിനോവാക് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. അസുഖം ബാധിച്ചതിന്റെ യാതൊരു ലക്ഷണങ്ങളും ഇയാളിൽ ഉണ്ടായിരുന്നില്ല. ഡെൽറ്റ വെരിയന്റ് വെെറസാണ് ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  അന്വേഷണത്തിൽ വിദേശ ചരക്ക് കപ്പലുകളുടെ നാവികരുമായി തൊഴിലാളി അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി. ഇതേതുടർന്നാണ് ചെെനീസ് സർക്കാർ അടിയന്തരമായി മെഷാൻ പ്രദേശത്ത് മുഴുവനായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.

കൊവിഡ് വ്യാപനത്തിൽ നിന്നും ചെെന കരകയറിവരികയാണ്. ഇതിനാലാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ  ആ പ്രദേശം തന്നെ മുഴുവൻ ലോക്ക്ഡൗൺ ചെയ്യുന്നത്. മറ്റെല്ലാത്തിനേക്കളും രോഗവ്യാപനം തടയുന്നതിനാണ് ചെെനീസ് അധികൃതർ മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങളും അവിടെ നടപ്പാക്കി വരുന്നു.

ഇപ്പോൾ മെഷാൻ ടെർമിനലിലേക്ക് വരുന്ന കപ്പലുകൾ എല്ലാം തന്നെ അടുത്തുള്ള മറ്റു തുറമുഖങ്ങളിലേക്ക് വഴിമാറ്റി വിടുകയാണ്. തുറമുഖ അധികാരികൾ ഷിപ്പിംഗ് കമ്പനികളുമായി സജീവമായി ചർച്ച നടത്തുകയും ഇതിനായി തത്സമയം വിവരങ്ങൾ കെെമാറുകയും ചെയ്യുന്നു. അടച്ചുപൂട്ടലിന് മുമ്പ് മെഷാൻ ടെർമിനലിൽ ഡോക്ക് ചെയ്തിരുന്ന കപ്പലുകളുടെ പ്രവർത്തനം  താൽക്കാലികമായി നിർത്തിവച്ചു.

എങ്ങനെ ബാധിക്കും?

കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ആഗോള വിതരണ ശൃംഖലകൾ വളരെ ദുർബലമായി കാണപ്പെട്ടിരുന്നു. ഷിപ്പിംഗ് കണ്ടെയ്നറുകളുടെ കുറവും മാർച്ചിൽ സൂയസ് കനാലിൽ ഉണ്ടായ പ്രതിസന്ധിയും ആഗോള വ്യാപാരത്തിന് തിരിച്ചടിയായിരുന്നു. ദക്ഷിണ ചെെനയിൽ  ജൂണിൽ കൊവിഡ് കേസുകൾ വർദ്ധിച്ചതും പ്രതിസന്ധിക്ക് കാരണമായി. ചരക്ക് വ്യാപാര നിരക്ക് വർദ്ധിക്കുകയും ലോകമെമ്പാടുമായി കയറ്റുമതി താമസിക്കുകയും ചെയ്തു. ഫ്രൈറ്റോസ് ബാൾട്ടിക് ഗ്ലോബൽ കണ്ടെയ്നർ ഫ്രൈറ്റ് ഇൻഡെക്സ് പ്രകാരം 2021ൽ ചൈനയിൽ നിന്നും കിഴക്കൻ ഏഷ്യയിൽ നിന്നും വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തേക്കുള്ള കണ്ടെയ്നർ ഷിപ്പിംഗ് നിരക്ക്  270 ശതമാനം വർദ്ധിച്ച് ടിഇയുന് 15,800 ഡോളർ വീതമായി. കൊവിഡിന്റെ  പ്രാരംഭ ആഘാതത്തിൽ നിന്ന് നിർമാണ, ലോജിസ്റ്റിക് മേഖലകൾ ഇനിയും കരകയറിയിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ തുറമുഖത്തെ ഏറ്റവും വലിയ ടെർമിനലുകളിലൊന്ന് അടച്ച് പൂട്ടിയതിനാൽ വിതരണ ശൃംഖല സമ്മർദ്ദത്തിലാണ്. കപ്പലുകൾ വഴിമാറ്റി വിട്ടെങ്കിലും ചരക്കുകൾ വിതരണം ചെയ്യുന്നത് വെെകുമെന്നാണ് വിദഗ്ദ്ധർ കണക്ക്കൂട്ടിന്നത്. ഇതോടെ ലോകമെമ്പാടുമുള്ള എല്ലാ പ്രധാന തുറമുഖങ്ങളുടെയും ചരക്ക് അളവ് കുത്തനെ ഉയർന്നു. ഷിപ്പിംഗ് കമ്പനികൾക്ക് ഉണ്ടായ അമിത ചെലവ് ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ആഗോള പണപ്പെരുപ്പത്തിന് കാരണമായേക്കാം.

അതേസമയം തുറമുഖത്ത് ഡൽറ്റ വെരിയന്റ് കൊവിഡ് വെെറസിന്റെ ആശങ്കയും വർദ്ധിച്ചു വരുന്നു. സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുകയും നിർമാണ പ്രവർത്തനങ്ങൾ കൊവിഡിന് മുമ്പുള്ള  സ്ഥിതിയിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ ആഗോള ഷിപ്പിംഗ് മേഖല പ്രതിസന്ധിയിൽ തുടരുമോ എന്ന കണ്ടറിയേണ്ടതുണ്ട്.

വരും ദിവസങ്ങളിൽ സാഹചര്യങ്ങൾ എങ്ങനെ മാറിമറിയുന്നുവെന്ന് കാത്തിരുന്ന് കാണാം. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023