സൂയിസ് കനാലിൽ കുടുങ്ങിയ ചരക്ക് കപ്പൽ ചലിച്ചു തുടങ്ങി, പ്രതിസന്ധി മാറിയേക്കും
സൂയിസ് കനാലിൽ ആറ് ദിവസമായി ഗതാഗതം തടസപ്പെടുത്തി കിടന്നിരുന്ന എവർ ഗിവൺ എന്ന ഭീമാകാരനായ കപ്പൽ ഭാഗികമായി ചലിച്ചു തുടങ്ങി. ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് നിരവധി കപ്പലുകളാണ് 150 വർഷത്തിലേറെ പഴക്കമുള്ള കനാലിൽ കാത്തുക്കെട്ടി കിടക്കുന്നത്. ആഗോള ചരക്ക് വ്യാപാര രംഗത്തെ തന്നെ ഇത് സാരമായി ബാധിച്ചു. നിലവിലെ പ്രതിസന്ധിയെ പറ്റിയും ഇത് ആഗോള വ്യാപാര രംഗത്തെ എത്രത്തോളം ബാധിച്ചേക്കുമെന്നും നമുക്ക് വിലയിരുത്താം.
എന്താണ് സൂയിസ് കനാൽ?
മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈജിപ്തിലെ കടല്‍പാതയാണ് സൂയസ് കനാല്‍. ഏഷ്യയെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന സമുദ്രമാര്‍ഗമാണ് 193 കിലോ മീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്ന സൂയിസ് കനാൽ. 1869 നവംബര്‍ 17 നാണ് സൂയസ് കനാലിന്റെ ഉദ്ഘാടനം നടന്നത്. നിലവിൽ ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റിയുടെ ഉടമസ്ഥതയിലാണ് ഇതുള്ളത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും (പ്രധാനമായി സൗദി അറേബ്യ, ഇറാഖ്) ഏഷ്യയിലെയും യൂറോപ്പിലെയും വിവിധ ഭാഗങ്ങളിലേക്ക് ക്രൂഡ് ഓയിലും മറ്റ് അവശ്യവസ്തുക്കളും കയറ്റി അയയ്ക്കുന്നതിനുള്ള ഒരു പ്രധാന പാതയാണിത്. ഓരോ വർഷവുമുള്ള ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും കടന്നു പോകുന്നത് സൂയിസ് കനാൽ വഴിയാണ്. ഒരു ദിവസം ശരാശരി 50 കപ്പലുകളിലായി 9.5 ബില്യൺ ഡോളറിന്റെ ചരക്കാണ് ഇത് വഴി കടന്നു പോകുന്നത്.
സൂയിസ് കനാൽ ഇല്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ നിന്ന് യൂറോപ്പിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന ഒരു സൂപ്പർടാങ്കർ കപ്പലുകൾക്ക് 6,000 മൈൽ ചുറ്റിതിരിഞ്ഞ് പോകേണ്ടി വരും. ഇത് 300000 കോടി ഡോളറിന്റെ അധിക ഇന്ധന ചെലവ് വരുത്തും.
ഗതാഗതക്കുരുക്കിന്റെ കാരണമെന്ത്?
തായ്‌വാൻ ആസ്ഥാനമായുള്ള എവർഗ്രീൻ മറൈൻ കോർപ്പ് സർവീസ് നടത്തുന്ന എവർ ഗിവൺ എന്ന കപ്പൽ മാർച്ച് 23നാണ് സൂയസ് കനാലിൽ കുടുങ്ങി പോയത്. ഏകദേശം 400 മീറ്റർ നീളവും 224,000 മെട്രിക് ടൺ ഭാരവുമുള്ള എവർ ഗിവൺ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നാണ്. ശക്തമായ കാറ്റിനെ തുടർന്ന് കപ്പൽ നിയന്ത്രണം തെറ്റി കനാലിന് കുറുകെ വരികയും ഇരു ഭാഗങ്ങളിലെയും മണൽത്തിട്ടകളിൽ ഇടിച്ചു നിൽക്കുകയും ചെയ്തതാണ് ഗതാഗത കുരുക്കിന് കാരണമായത്. ചൈനയിൽ നിന്ന് നെതർലാൻഡിലെ റോട്ടർഡാമിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പൽ കുടുങ്ങി പോയത്. സൂയസ് കനാലിന് 738 അടി മാത്രം വീതിയുള്ളതിനാൽ ഭീമാകാരനായ കപ്പലിന് ഇടുങ്ങിയ ജലപരിധിക്കുള്ളിൽ തിരിയാൻ കഴിഞ്ഞില്ല. ഇതോടെ ജലപാത പൂർണമായും തടസപ്പെടുകയും കോടി കണക്കിന് രൂപയുടെ ചരക്ക് സാധനങ്ങളുമായി വന്ന കപ്പലുകൾ കനാലിൽ കെട്ടികിടക്കുകയും ചെയ്തു.
കപ്പലിൽ ഉണ്ടായിരുന്ന 25 ജീവനക്കാരും സുരക്ഷിതരാണെന്ന് എവർ ഗിവൻ കൈകാര്യം ചെയ്യുന്ന ബെർണാഡ് ഷുൾട്ട് ഷിപ്പ് മാനേജ്മെന്റ് അറിയിച്ചു. ഡ്രെഡ്‌ജറുകൾ ഉപയോഗിച്ചു കൊണ്ട് ഇരു വഷങ്ങളിലെയും മണ്ണ് നീക്കുന്നതിനുള്ള ശ്രമം അധികൃതർ അന്ന് തന്നെ ആരംഭിച്ചിരുന്നു. കനാലിന്റെ കരയിൽ നിന്ന് എവർ ഗിവൺ നീക്കുന്നതിനായി ഒരു എലൈറ്റ് സാൽവേജ് സ്ക്വാഡിന് തന്നെ അധികൃതർ രൂപം നൽകി. ഈ ആഴ്ച തന്നെ കപ്പൽ നീക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് ഇന്ന് എവർ ഗിവൺ ഭാഗികമായി ചലിപ്പിക്കാനായത്. ശ്രമം തുടരുന്നതായും അധികൃതർ അറിയിച്ചു.
ആഗോള വ്യാപാര മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതം
മാർച്ച് 24ന് 200ലധികം കപ്പലുകളാണ് സൂയിസ് കനാലിൽ കെട്ടിക്കിടന്നിരുന്നത്. ദിവസങ്ങൾ കഴിയും തോറും ഇതിന്റെ എണ്ണം കൂടി കൂടിവരികയാണ്. ബൾക്ക് കാരിയറുകൾ, കണ്ടെയ്നർ കപ്പലുകൾ, ഓയിൽ, കെമിക്കൽ ടാങ്കറുകൾ എന്നിവ ഇതിൾ ഉൾപ്പെടും. ഓയിൽ റിഫെെനറി കമ്പനികൾ ഏറെയും സൂയിസ് ജലപാതയാണ് ഉപയോഗിക്കുന്നത്. ഇതിനാൽ തന്നെ ആഗോള എണ്ണ കമ്പനികൾ എല്ലാം വിതരണം തടസപ്പെടുമോ എന്ന ആശങ്കയിലാണ്. ഇത് ആഗോള ക്രൂഡ് ഓയിൽ വില വർദ്ധിപ്പിച്ചാൽ ഇന്ധന വില ഇനിയും ഉയർന്നേക്കാം.
സൂയസ് കനാലിലെ ഗതാഗത തടസ്സത്തെ തുടർന്ന് മണിക്കൂറിന് 400 മില്യൺ ഡോളർ ഏകദേശം 2,897 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. മണിക്കൂറുകൾ കഴിയുംതോറും ലോകമെമ്പാടുമുള്ള പ്രധാന വിപണികളിലേക്കുള്ള എണ്ണ, പെട്രോളിയം, മെഡിക്കൽ സപ്ലൈസ്, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കുള്ള ഷിപ്പിംഗ് ചെലവും വർദ്ധിച്ചുവരുന്നു. എന്നാൽ ഏഷ്യയിൽ നിന്നും യൂറോപിലേക്കുള്ള ചരക്ക് ഗതാഗതത്തിന് റെയിൽ, ട്രക്ക് പോലെയുള്ള ബദൽ മാർഗങ്ങളില്ല. സൂയിസ് കനാൽ അടഞ്ഞു കിടന്നാൽ ഗുഡ് ഹോപ്പ് കേപ്പ് ചുറ്റി വേണം കപ്പലുകൾക്ക് പോകാൻ. ഇതിന് 7 മുതൽ 9 ദിവസം വരെ കാലതാമസം വന്നേക്കാം.
കപ്പൽ ഉടമകൾക്കോ ഇറക്കുമതിക്കാർക്കോ തങ്ങളുടെ നഷ്ടം ഇൻഷ്യുറൻസിലൂടെ നികത്താൻ സാധിക്കും. എന്നാൽ എന്തിനെല്ലാം ഇത് ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.
സൂയിസ് ഗതാഗത തടസം- ഇന്ത്യയുടെ നിലപാട്
വടക്കേ അമേരിക്കയിൽ നിന്നും തെക്കെ അമേരിക്കയിൽ നിന്നും യൂറോപിൽ നിന്നുമായി 200 ബില്യണിലധിതകം കയറ്റുമതിയും ഇറക്കുമതിയുമാണ് നടന്നുവരുന്നത്. പെട്രോളിയം, ജൈവ രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, ഓട്ടോമൊബൈൽ, യന്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളേക്കാൾ കൂടുതൽ അസംസ്കൃത എണ്ണയും ഉത്‌പന്നങ്ങളും സൂയസ് കനാൽ വഴി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്.
സൂയസ് കനാൽ തടസ്സപ്പെട്ടതിനെത്തുടർന്നുണ്ടായ സാഹചര്യം നേരിടാൻ മാർച്ച് 27ന് കേന്ദ്ര സർക്കാർ നാല് പോയിന്റ് പദ്ധതികൾക്ക് രൂപം നൽകി.
- പെട്ടന്ന് നശിച്ചു പോകുന്നതോ കേടാകുന്നതോ ആയ ചരക്കുകൾക്ക് മുൻഗണന നൽകുക.
- നിലവിലുള്ള കരാറുകളനുസരിച്ച് ചരക്ക് കൂലി അതേപടി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുക. സർക്കാർ ഇത് വിശകലനം ചെയ്യും.
- പ്രതിസന്ധി ഘട്ടത്തിൽ ചരക്ക് നിരക്ക് വർദ്ധിപ്പിക്കാതിരിക്കാൻ
കേന്ദ്രം ഷിപ്പിംഗ് ലൈനുകളോട് അഭ്യർത്ഥന നടത്തി. - കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി കപ്പലുകൾ വഴി തിരിച്ചുവിടുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കും.
തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രാലയം, കണ്ടെയ്നർ ഷിപ്പിംഗ് ലൈൻസ് അസോസിയേഷൻ (CSLA), ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (FIEO), എ.ഡി.ജി ഷിപ്പിംഗ് എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
നിലവിലെ സ്ഥിതി
നിലവിൽ 450 ഓളം കപ്പലുകളാണ് സൂയിൽ കനാലിൽ കെട്ടിക്കിടക്കുന്നത്. മറ്റു കപ്പലുകൾ എല്ലാം തന്നെ ദക്ഷിണ ആഫ്രിക്ക വഴി തിരിച്ചു വിട്ടു. ഇപ്പോൾ എവർ ഗിവൺ ഭാഗികമായി ചലിപ്പിക്കാനായെന്ന ശുഭസൂചനയാണ് ഇപ്പോൾ ലഭ്യമാകുന്നത്. കപ്പലിന്റെ ഗതി 80 ശതമാനം ശരിയാക്കിയതായി സൂയിസ് അതോറിറ്റി അറിയിച്ചു. കപ്പൽ പൂർണമായും പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇത് വിജയകരമായാൽ സൂയിസിലെ മുഴുവൻ കപ്പലുകളുടെയും യാത്ര തുടരാനാകും.
വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ട് തന്നെ അറിയാം.
Post your comment
No comments to display