മുന്‍കൂര്‍ നികുതി ഈടാക്കല്‍ റദ്ദാക്കി കേന്ദ്ര സർക്കാർ, കമ്പനികളെ എങ്ങനെ ബാധിക്കും?
2012ൽ നടപ്പാക്കിയ മുന്‍കൂര്‍ നികുതി ഈടാക്കല്‍ നിയമം (റെട്രോസ്പെക്ടീവ് ടാക്‌സ്) കേന്ദ്ര സർക്കാർ റദ്ദാക്കി. ഇതോടെ വിദേശ വിപണികളിൽ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ മുഖചായ തന്നെ മാറിയേക്കും. എന്താണ് റെട്രോസ്പെക്ടീവ് ടാക്സെന്നും ഇവ നടപ്പാക്കിയത് എന്തിനായിരുന്നുവെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
എന്താണ് റെട്രോസ്പെക്ടീവ് ടാക്സ്?
വന്‍കിട കമ്പനികളുടെ സ്വത്തിടപാടുകളില്‍ മുന്‍കൂര്‍ പ്രാബാല്യത്തോടെ നികുതി ഈടാക്കാനായി കൊണ്ട് വന്ന നിയമമാണ് റെട്രോസ്പെക്ടീവ് ടാക്‌സ്. മുൻ കാലങ്ങളിൽ നികുതി നയങ്ങളിലെ ക്രമക്കേട് തിരുത്താൻ പല രാജ്യങ്ങളും ഈ നിയമം ഉപയോഗിച്ചിരുന്നു. നിയമത്തെ അടിസ്ഥാനമാക്കി സമാനമായി മുൻകാലങ്ങളിൽ നടത്തിയ ഇടപാടുകൾക്കും കമ്പനികൾക്ക് മേൽ സർക്കാരിന് നികുതി ചുമത്താനാകും.
ഉദാഹരണമായി പറഞ്ഞാൽ, രാജ് എന്ന വിദ്യാർത്ഥി ബെംഗളൂരിലേക്ക് താമസം മാറി. ആദ്യത്തെ മൂന്ന് മാസം 5000 രൂപയാണ് അദ്ദേഹം വാടക നൽകിയത് എന്ന് കരുതുക. മൂന്ന് മാസത്തിന് ശേഷം വാടക 6000 രൂപയായി ഉടമസ്ഥാൻ വർദ്ധിപ്പിച്ചു. രാജ് ഇത് സമ്മതിച്ചു. അപ്പോഴാണ് ഉടമസ്ഥൻ പറയുന്നത് ഇത് വരെ മൂന്ന് മാസം താമസിച്ചതിനും 6000 രൂപ വീതം നൽകണമെന്ന്. ഇത് കൊണ്ട് രാജിന് തുടർന്നും ഇവിടെ തമാസിക്കണമെങ്കിൽ 3000 രൂപ കൂടി അധികം നൽകേണ്ടി വരും. ഇതിന് സമാനമായ ഒരു അധികാരമാണ് റെട്രോസ്പെക്ടീവ് ടാക്‌സ് എന്ന നിയമത്തിലൂടെ സർക്കാരിന് ഉണ്ടായിരുന്നത്.
ചരിത്രം
2007ൽ ഹച്ചിൻസൺ കമ്പനിയുടെ സ്വത്തുക്കൾ വോഡഫോൺ കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും വോഡഫോണുമായി കോടതിയിൽ തകർക്കമുണ്ടായിരുന്നു. തുടർന്ന് 2012ൽ അന്നത്തെ യു.പി.എ സർക്കാരാണ് റെട്രോസ്‌പെക്‌ടീവ് നികുതി നിയമം കൊണ്ട് വന്നത്. 2011 ൽ സർക്കാർ 7,990 കോടി രൂപയുടെ മൂലധന നേട്ട നികുതി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കമ്പനി മൂലധന നേട്ടം കൈവരിച്ചിട്ടുണ്ടെന്നും ഇടപാടുമായി ബന്ധപ്പെട്ട നികുതി തുക നൽകണമെന്നുമാണ് സർക്കാർ പറഞ്ഞത്.
ഇടപാട് ഇന്ത്യയുടെ നികുതി പരിധിയിൽ വരുന്നതല്ലെന്ന് വാദിച്ച വോഡാഫോൺ നികുതി നൽകാൻ വിസമ്മതിച്ചു. വോഡഫോൺ യുകെ ഹോളങ്കോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹച്ചിസൺ നെതർലാൻഡിലെ അനുബന്ധ സ്ഥാപനത്തിലൂടെയാണ് ഏറ്റെടുത്തത്. ഇതിന്റെ മുഴുവൻ ഇടപാടുകളും കേമാൻ ദ്വീപുകളിലാണ് നടന്നത്.
ഇതേതുടർന്ന് സർക്കാരിന് എതിരെ കമ്പനി ഹെെകോടതിയെ സമീപിച്ചുവെങ്കിലും കോടതി സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. തുടർന്ന് വോഡഫോൺ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയും കേസിൽ വിജയിക്കുകയും ചെയ്തു. ഇതോടെയാണ് ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി ഇന്ത്യയിൽ മുൻകാല നികുതി നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതിലൂടെ മുൻ ഇടപാടുകളുടെ അടിസ്ഥാനത്തിൽ കമ്പനികൾക്ക് മേൽ നികുതി ചുമത്താൻ സർക്കാരിന് സാധിച്ചു.
യുകെ ആസ്ഥാനമായുള്ള കെയ്‌ൻ എനർജിയുമായി ബന്ധപ്പെട്ടാണ് മറ്റൊരു തർക്കം നടന്നിരുന്നത്. ഇന്ത്യൻ സർക്കാരിനെതിരെ സമാനമായ ഒരു കേസ് നെതർലാൻഡിലെ ഹേഗിലുള്ള ആർബിട്രൽ ട്രൈബ്യൂണലിൽ കമ്പനി നൽകുകയും അതിൽ വിജയിക്കുകയും ചെയ്തിരുന്നു. മുൻ കാല നികുതി ആവശ്യകത തെറ്റായി ഉപയോഗിച്ചുവെന്ന് കാണിച്ച കോടതി കെയ്‌ൻ എനർജിക്ക് ഇന്ത്യൻ സർക്കാർ 1.2 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു.
മുന്നിലേക്ക്?
കമ്പനികൾ നികുതി വെട്ടിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി സർക്കാർ വരുമാനം വർദ്ധിപ്പിക്കുന്നതിനായാണ് റെട്രോസ്പെക്ടീവ് ടാക്സ് നിയമം കൊണ്ട് വന്നത്. എന്നാൽ കോർപ്പറേറ്റ് കമ്പനികളെ സംബന്ധിച്ച് ഈ നിയമം തീർത്തും അന്യായമായിരുന്നു. കാരണം മുമ്പ് കാലങ്ങളിൽ നടന്ന ഇടപാടുകൾക്ക് നികുതി ചുമത്തുന്നത് അവർക്ക് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. കെയ്‌ൻ എനർജിയുമായി ബന്ധപ്പെട്ട കേസിലും ആർബിട്രേഷൻ കോടതി സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. മുൻകൂർ നികുതി ഈടാക്കൽ നിയമം അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യക്ക് മേൽ അപകീർത്തിയുളവാക്കി. വിദേശ നിക്ഷേപങ്ങൾ ആവശ്യമുള്ള ഇന്ത്യയെ പോലെയൊരു രാജ്യത്തിന് ബഹുരാഷ്ട്ര കമ്പനികളെ ആകർഷികുന്നതിനായി മികച്ച നികുതി നയങ്ങൾ അവതരിപ്പിക്കേണ്ടതുണ്ട്.
യുകെ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ഇന്ത്യൻ സർക്കാർ ഒരു ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചിരുന്നു. ഇത് പ്രകാരം ഇരു രാജ്യങ്ങളിലും കമ്പനികൾക്ക് ന്യായമായി ബിസിനസ് നടത്തുകയും പരിധിയില്ലാതെ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും. ഇത് പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതായി കാണാം.
അതേസമയം മുൻകാല നികുതി ഒഴിവാക്കാൻ ഇന്ത്യ എടുത്ത തീരുമാനം രാജ്യത്തിന്റെ പ്രതിബദ്ധത കാഴ്ചവക്കുന്നുവെന്നും നയങ്ങളിലെ സ്ഥിരത കാണിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ നിക്ഷേപകർക്കും രാജ്യം ഒരു പുതിയ സന്ദേശം നൽകുന്നുവെന്നും പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post your comment
No comments to display