മാഗി നൂഡിൽസിനെ കീഴടക്കാൻ ഒരുങ്ങി സഫോള ഓഡിൽസ്, വിപണി ആർക്കൊപ്പം?

രണ്ട് മിനിറ്റിൽ ഉണ്ടാക്കാവുന്ന രുചികരമായ ന്യൂഡിൽസ്
ഇഷ്ടമല്ലാത്ത അധികം ആരും തന്നെയുണ്ടാകില്ല. നൂഡിൽസ് മേഖലയിൽ മുൻ പന്തിയിൽ നിൽക്കുന്ന ബ്രാൻഡാണ് മാഗി. കടകളിൽ മഞ്ഞ കവറിൽ തൂങ്ങി കിടക്കുന്ന മാഗി നൂഡിൽസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമാണ്. കുറഞ്ഞ വില, ആകർഷകമായ രുചി എന്നിവയാണ് മാഗിയെ ആളുകളിലേക്ക് അടുപ്പിച്ചത്.
മാഗിക്ക് പിന്നാലെ ഇന്ത്യയിലെ നൂഡിൽസ് വിപണി ശക്തമായി വളരുകയാണ്. നിരവധി കമ്പനികളാണ് പുതിയ തരം നൂഡിൽസുകളുമായി വിപണിയിലേക്ക് എത്തുന്നത്. അടുത്തിടെ പുതിയ സഫോള ഓഡിൽസ് അവതരിപ്പിച്ച് കൊണ്ട് മാരികോയും രംഗത്ത് വന്നിരുന്നു. എന്നാൽ വർഷങ്ങളായി ഉപഭോക്താക്കളുടെ മനസിൽ പതിഞ്ഞിരിക്കുന്ന മാഗി എന്ന ബ്രാൻഡിനെ മാറ്റി സ്ഥാപിക്കാൻ മാരികോയ്ക്ക് സാധിക്കുമോ എന്നതാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശകലനം ചെയ്യുന്നത്.
ഇന്ത്യയിലെ നൂഡിൽസ് വിപണി
ഹിന്ദുസ്ഥാൻ യൂണിലിവറാണ് ഇന്ത്യയിലെ ഭക്ഷണ വിപണിയിൽ പൂർണമായും ആധിപത്യം സ്ഥാപിച്ച ആദ്യ കമ്പനി. 1933ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഉയർന്ന ശ്രേണിയിൽ പാക്ക് ചെയ്ത് ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് വിതരണം ചെയ്ത് നൽകി. പിന്നീട് ഐ.ടി.സി, മാരികോ, ബ്രിട്ടാണിയ, ഗോദറേജ് കൺസ്യൂമർ,ഡാബർ എന്നീ കമ്പനികൾ ഭക്ഷ്യ വിപണിയിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. മനുഷ്യന്റെ ദൈനംദിന ഉപഭോഗ ശീലത്തിന്റെ ഭാഗമായി മാറിയ ഉത്പന്നങ്ങളാണ് ഈ കമ്പനികൾ ഏറെയും നിർമ്മിച്ച് വിതരണം ചെയ്യുന്നത്. ഇത്തരം കമ്പനികൾ എല്ലാം തന്നെ പരസ്യത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. ഇതെല്ലാം തന്നെ ഇവരുടെ ഉത്പന്നങ്ങളെ ഉപഭോക്താക്കളുമായി അടുപ്പിക്കുന്നു.
പ്രമുഖ നൂഡിൽസ് ബ്രാൻഡുകൾ
ഇന്ത്യയിലെ എഫ്.എം.സി.ജി മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളിൽ ഒന്നാണ് Nestlé India. ചോക്ലേറ്റ്, കോഫി, നൂഡിൽസ് ഉത്പന്നങ്ങളിൽ വിപണി കീഴടക്കിയിരിക്കുന്നതും നെസ്ലെയാണ്. 1980ലാണ് കമ്പനി മാഗി നൂഡിൽസ് അവതരിപ്പിച്ചത്. അന്ന് മുതൽ തന്നെ എല്ലാവരുടെയും മനസിൽ മാഗി നൂഡിൽസ് എന്ന ബ്രാൻഡ് പതിഞ്ഞിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടുകളോളം മാഗി നൂഡിൽസ് വിപണി പൂർണമായും കെെവശം വച്ചിരുന്നു.
2015ൽ ഈയത്തിന്റെയും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെയും അംശം അനുവദനീയപരിധിയിലും കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാഗി നൂഡിൽസിന് ദേശീയ ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ലാബ് പരിശോധനകളില്‍ വിജയിച്ചതിന് പിന്നലെ വിലക്ക് നീക്കപെട്ട മാഗി നൂഡിൽസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നെല്ലെയുടെ മൊത്തം വിൽപ്പന വരുമാനത്തിൽ മാഗി നൂഡിൽസ് നിർണായക പങ്കുവഹിക്കുന്നു.
2003ൽ പ്രവർത്തനം ആരംഭിച്ച മറ്റൊരു നൂഡിൽസ് ബ്രാൻഡാണ് Wai Wai. തായ് പ്രിസേർവിഡ് ഫുഡ് ഫാക്ടറിയുടെയും നേപ്പാൾ ആസ്ഥാനമായുള്ള ചൗധരി ഗ്രൂപ്പിന്റെയും ഭാഗമാണ് ഈ കമ്പനി. ഈ കാലഘട്ടത്തിൽ Wai Wai മാഗിക് ശക്തനായ എതിരാളിയായിരുന്നു. പിന്നീട് 2010ൽ ഐ.ടി.സി Sunfeast Yippe അവതരിപ്പിച്ചു. ഇത് വിപണിയിൽ വൻ കോളിളക്കം സൃഷ്ടിച്ചുവെന്ന് തന്നെ പറയാം. 2013ൽ എച്ച്.യു.എൽ Knorr Soupy Noodles അവതരിപ്പിച്ചു. ഇത് വിപണിയിൽ വളരെ വലിയ തരംഗം സൃഷ്ടിച്ചു. എല്ലാ ബ്രാൻഡുകളും വിവിധ തരം ഫ്ലെവറുകളിൽ നൂഡിൽസ് വിൽക്കുന്നുണ്ട്. ഇതിന് എല്ലാം തന്നെ ഇന്ത്യയിൽ നിരവധി ഉപഭോക്താക്കളുമുണ്ട്.
നിലവിൽ ഭക്ഷണ വിഭാഗത്തിൽ 9,000 കോടി രൂപയാണ് ഇന്ത്യയിലെ നൂഡിൽസ് വിപണിയ്ക്കുള്ളത്. വിപണിയിലെ വളർച്ച ഏറെയും മാഗി നൂഡിൽസാണ് നിയന്ത്രിക്കുന്നത്.
സഫോള ഓഡിൽസ്
മാരികോ ലിമിറ്റഡ് തങ്ങളുടെ പോർട്ട്ഫോളിയോ വർഷങ്ങളായി വിപുലീകരിച്ചു വരികയാണ്. വിവിധ തരം ബിസിനസുകളിലേക്ക് ചേക്കേറിയിരുന്ന കമ്പനി ഇപ്പോൾ നൂഡിൽസ് വിപണിയിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. 2021 ഫെബ്രുവരിയിലാണ് മാരികോ തങ്ങളുടെ പുതിയ സഫോള ഓഡിൽസ് അവതരിപ്പിച്ച് കൊണ്ട് രംഗത്തെത്തിയത്. ലഘു ഭക്ഷണ രംഗത്തേക്കുള്ള പ്രവേശനമാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓഡിൽസ് മാഗിയിൽ നിന്നും ഏറെ വ്യത്യസ്ഥമാണ്. ഓഡിൽസ് 5 മിനിറ്റ് കൊണ്ട് മാത്രമെ പാചകം ചെയ്യാനാകു.
നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന മറ്റ് എല്ലാ നൂഡിൽസുകളെക്കാളും ആരോഗ്യപ്രദമാണ് സഫോള ഓഡിൽസ് എന്നാണ് മാരികോ അവകാശപ്പെടുന്നത്. ഓട്സ്, ഗോതമ്പ് എന്നിവ മാത്രമാണ് നൂഡിൽസ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്നില്ലെന്നും കമ്പനി പറഞ്ഞു. വിപണിയിൽ ആരോഗ്യപരമായ വിഭാഗത്തെ കെട്ടിപ്പടുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി കൂട്ടിച്ചേർത്തു. അതേസമയം മാഗിയും യിപ്പിയും നിലവിൽ ഗോതമ്പും ഓട്സുമാണ് ഉപയോഗിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
നൂഡിൽസുകളുടെ വിലയാണ് മറ്റൊരു പ്രധാന കാര്യം. 46 ഗ്രാം സഫോളയ്ക്ക് 20 രൂപയാണ് വിലവരുന്നത്. അതേസമയം 73 ഗ്രാം മാഗിക് 25 രൂപയും 70 ഗ്രാം യിപ്പിക്ക് 20 രൂപയുമാണ്. ഇതിൽ നിന്നും മാഗിയും യിപ്പിയും വളരെ വിലക്കുറവിലാണ് വിപണിയിൽ ലഭ്യമാകുന്നതെന്ന് പറയാം. ഇ കൊമേഴ്സ് ചാനലുകൾ വഴിയാണ് സഫോള ഓഡിൽസ് വിൽക്കുന്നത്. സഫോള സ്റ്റോർ, ആമസോൺ, ബിഗ് ബാസ്ക്കറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവയിലൂടെ ഇത് ഓർഡർ ചെയ്ത് വാങ്ങാം.
നിഗമനം
യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം 2020 ഓടെ ഇന്ത്യൻ നൂഡിൽസ് വിപണി മൂല്യം 12000 കോടി രൂപയായി ഉയരും. ഇതിനാൽ തന്നെ ഇത്തരം ഓഹരികളിൽ കൂടുതൽ നിക്ഷേപം നടന്നേക്കും. വരും കാലങ്ങളിൽ കൂടുതൽ കമ്പനികൾ എം.എഫ്.സി.ജി മേഖലയിലേക്ക് കടന്നേക്കും.
മാരികോ കമ്പനിക്ക് ഉയർന്ന വിതരണ ശൃംഖലയുള്ളതിനാൽ തന്നെ ഇത് സഫോള നൂഡിൽസിന്റെ വിൽപ്പന വർദ്ധിപ്പിച്ചേക്കും. കമ്പനി ആരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകുമ്പോൾ നൂഡിൽസിന്റെ വിജയം അതിന്റെ രുചിയേയും പാചക രീതിയേയും ആശ്രയിച്ചിരിക്കും. കമ്പനിയുടെ പരസ്യങ്ങളും നിർമ്മാണ രീതിയും വിൽപ്പന വർദ്ധിപ്പിച്ചേക്കാം. വരും കാലങ്ങളിൽ മാരികോ നൂഡിൽസ് വിപണി കീഴടക്കുമോ എന്ന് കണ്ട് തന്നെ അറിയാം.

