63000 കോടി രൂപയുടെ ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ച് എൽഐസി; അറിയേണ്ടതെല്ലാം

Home
editorial
lic files drhp for rs 63000 crore ipo key takeaways
undefined

ലൈഫ് ഇൻഷ്യുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൽഐസി) തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി സെബിക്ക് അപക്ഷേ സമർപ്പിച്ചു കഴിഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് എൽഐസി കാരണഭൂതനാകുന്നത്.

ഓഫർ ഫോർ സെയിലിന്റെ ഭാഗമായി ഇന്ത്യ ഗവൺമെന്റാണ് ഐപിഒ വിതരണം നടത്തുന്നത്. 63000 കോടി രൂപയുടെ 31.6 കോടി ഓഹരികളാണ് ഐപിഒയുടെ ഭാഗമാവുക. ഈ സാമ്പത്തിക വർഷം സർക്കാരിന്റെ പുതുക്കിയ ഓഹരി വിറ്റഴിക്കൽ ലക്ഷ്യമായ 78,000 കോടി കൈവരിക്കുന്നതിന് ഈ ഐപിഒ വഴിയുള്ള വരുമാനം നിർണായക പങ്ക് വഹിക്കും. വിപണിയിൽ ലിസ്റ്റ് ചെയ്ത് കഴിഞ്ഞാൽ റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ് തുടങ്ങിയ ഇന്ത്യയിലെ വമ്പൻ കമ്പനികളുടെ പട്ടികയിൽ എൽഐസിയും ഉൾപ്പെടും.

എൽഐസിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ എന്തെല്ലാമാണ് സൂചിപ്പിച്ചുട്ടുള്ളതെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

Life Insurance Corporation of India 

ഇന്ത്യയിലെ 245 സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളെ ഒന്നാക്കി കൊണ്ട് ദേശസാൽക്കരിച്ച് 1956 സെപ്തംബർ 1 നാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രൂപീകരിച്ചത്. കമ്പനി യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, സേവിംഗ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, ടേം ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ആന്വിറ്റി & പെൻഷൻ ഉൽപ്പന്നങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. പ്രീമിയത്തിന്റെ അടിസ്ഥാനത്തിൽ 64.1 ശതമാനത്തിന് മുകളിൽ വിപണി വിഹിതമുള്ള ഇന്ത്യൻ ഇൻഷുറൻസ് രംഗത്തെ ഏറ്റവും വലിയ കമ്പനിയാണ് നിലവിൽ എൽഐസി.

പുതിയ ബിസിനസ് പ്രീമിയത്തിന്റെ (NBS) അടിസ്ഥാനത്തിൽ എൽഐസിക്ക് 66.2 ശതമാനം വിപണി വിഹിതവും ഇഷ്യൂ ചെയ്ത വ്യക്തിഗത പോളിസികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 74.6 ശതമാനം വിപണി വിഹിതവും ഉണ്ട്. ഒരു വർഷം പുതിയ പോളിസികളിൽ നിന്ന് നേടിയ പ്രീമിയമാണ് എൻബിഎസ്. മൊത്തം റിട്ടേൺ പ്രീമിയങ്ങളുടെ കാര്യത്തിൽ (GWP) ലോകത്തിലെ അഞ്ചാമത്തെ വലിയ ഇൻഷുറർ ആണ് എൽഐസി.

രാജ്യത്തെ  ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിൽ ഒന്നാണ് എൽ.ഐസി. വർഷങ്ങളായി പോളിസി ഉടമകളെ പിന്തുണയ്ക്കുന്നതിനും പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി കമ്പനി സാങ്കേതിക കഴിവുകൾ പ്രയോജനപ്പെടുത്തി വരുന്നു.

ഫാക്റ്റ് ഷീറ്റ് :

2021 സെപ്‌റ്റംബർ 30 വരെ എൽഐസിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തി (എയുഎം) 39.55 ലക്ഷം കോടി രൂപയാണ്.  രസകരമെന്നു പറയട്ടെ ഇത് ഇന്ത്യയിലെ എല്ലാ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെയും മൊത്തം എയുഎമ്മിന്റെ 3.3 മടങ്ങ് അധികമാണ്. ഇത് മുഴുവൻ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ എഎംയുവിന്റെ 1.1 മടങ്ങ് കൂടുതലാണ്.

1.35 ദശലക്ഷം ഏജന്റുമാരും 3,463 മൈക്രോ ഇൻഷുറൻസ് ഏജന്റുമാരും 174 ഇതര ചാനലുകളും അടങ്ങുന്ന ശക്തമായ ഓമ്‌നി-ചാനൽ വിതരണ ശൃംഖലയാണ് കമ്പനിക്കുള്ളത്. 2,048 ശാഖകൾ, 113 ഡിവിഷണൽ ഓഫീസുകൾ, 1,554 സാറ്റലൈറ്റ് ഓഫീസുകൾ എന്നിവയുടെ വിപുലമായ ശൃംഖലയിലൂടെയാണ് എൽഐസി പ്രവർത്തിക്കുന്നത്. (സാറ്റലൈറ്റ് ഓഫീസ് എന്നത് ഒരു വലിയ കമ്പനിയുടെ ശാഖയാണ്, അത് ഓർഗനൈസേഷന്റെ പ്രധാന ഓഫീസിൽ നിന്ന് ഭൗതികമായി വേറിട്ടുനിൽക്കും.)  യുഎഇ, സിംഗപ്പൂർ, ഫിജി, മൗറീഷ്യസ്, ഖത്തർ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

2022 സാമ്പത്തിക വർഷത്തിലെ എൽഐസിയുടെ  ഇവി എന്നത് 5.39 ലക്ഷം കോടി രൂപയാണെന്ന് ഡിആർഎച്ച്പി പറയുന്നു. ഒരു ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഇവി എന്നത് ക്രമീകരിച്ച നെറ്റ് അസറ്റ് മൂല്യത്തിന്റെയും (NAV) ഭാവി ലാഭത്തിന്റെ ഇപ്പോഴത്തെ മൂല്യത്തിന്റെയും ആകെത്തുകയാണ്.  റിപ്പോർട്ടുകൾ പ്രകാരം, എൽഐസിയുടെ വിപണി മൂല്യം ഇവിയുടെ  ഏകദേശം 3-4 ഇരട്ടിയായിരിക്കാം. 

ഇന്ത്യയിലെ ഇക്വിറ്റി വിപണിയിലെ ഏറ്റവും വലിയ സ്ഥാപക നിക്ഷേപകരും എൽഐസിയാണ്. 2021 സെപ്തംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ലിസ്റ്റഡ് ഓഹരികളിലെ കമ്പനിയുടെ നിക്ഷേപം എന്നത് എൻഎസ്.ഇയുടെ മൊത്തം മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ 4 ശതമാനമാണ്.

2022 സാമ്പത്തിക വർഷം മുതൽ എൽഐസി പോളിസി ഉടമകളുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ ഇവ ഉൾപ്പെടും:

  • കേന്ദ്ര സർക്കാർ സെക്യൂരിറ്റികൾ- 37.50%

  • ഇക്വിറ്റി സെക്യൂരിറ്റികൾ – 24.78%

  • സംസ്ഥാന സർക്കാർ സെക്യൂരിറ്റികൾ- 24.61%

  • കോർപ്പറേറ്റ് കടപത്രങ്ങൾ- 8.07%

സാമ്പത്തിക സ്ഥിതി

*March 31, 2019 (FY19)March 31, 2020 (FY20)March 31, 2021 (FY21)
Revenue570,809.57645,605.47703,709.45
Profit After Tax2,627.382,710.482,974.14

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ വരുമാനത്തിലും ലാഭത്തിലും എൽഐസി ശക്തമായ വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ മൊത്തവരുമാനം പ്രതിവർഷം 9 ശതമാനം വർധിച്ച്  2021 സാമ്പത്തിക വർഷം 7,03,732.43 കോടി രൂപയായി രേഖപ്പെടുത്തി. ഉയർന്ന അറ്റാദായ പ്രീമിയവും നിക്ഷേപ വരുമാനവുമാണ് ഈ മുന്നേറ്റത്തിന് കാരണമായത്. 2021 സാമ്പത്തിക വർഷം അറ്റാദായം  9.73 ശതമാനം ഉയർന്ന് 2,974.14 കോടി രൂപയായി. പോളിസി ഉടമകളുടെ നിക്ഷേപങ്ങളുടെ വിൽപ്പന/വീണ്ടെടുപ്പിലെ അറ്റാദായം ഇതേ കാലയളവിൽ 105 ശതമാനം വർദ്ധിച്ച് 39,809.61 കോടി രൂപയായി. മൊത്തം റിട്ടേൺ പ്രീമിയം 9.21 ശതമാനം സി.എ.ജി.ആറിന്റെ നേട്ടമാണ് 2019- 2021 സാമ്പത്തിക വർഷത്തിൽ സ്വന്തമാക്കിയത്.

വരവേൽക്കാൻ ഒരുങ്ങി വിപണി

ഇൻഷുറൻസ് ഇന്ത്യയിൽ അത്ര ജനപ്രിയമല്ല, പ്രത്യേകിച്ചും ലൈഫ് ഇൻഷുറൻസ്. രാജ്യത്തെ ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമേ ലൈഫ് ഇൻഷുറൻസ് എടുത്തിട്ടുള്ളു. 2019ൽ ഇന്ത്യയിലെ മൊത്തം ഇൻഷുറൻസ് പരിരക്ഷ വെറും 3.76 ശതമാനം മാത്രമായിരുന്നു. ഈ മേഖലയിൽ വൻതോതിലുള്ള വികസനം ഉണ്ടാകുമെന്നാണ് ഇത്  സൂചിപ്പിക്കുന്നത്. കൊവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ, ഇൻഷുറൻസ് പോളിസികൾ സുരക്ഷിതമാക്കുന്നതിനുള്ള അവബോധം വർദ്ധിച്ചു.  ആരോഗ്യ, ലൈഫ് ഇൻഷുറൻസിലൂടെ കൂടുതൽ ആളുകൾ അവരുടെ ഭാവി സംരക്ഷിതമാക്കാൻ ശ്രമം നടത്തി. 

അങ്ങനെ ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് മേഖലയിലെ ഉയർന്ന വളർച്ചാ അവസരങ്ങൾ മുതലാക്കാൻ എൽഐസിക്ക് സാധിച്ചു.

എൽഐസിയുടെ ജീവനക്കാർക്കും പോളിസി ഉടമകൾക്കും ഐപിഒയുടെ ഫ്ലോർ വിലയേക്കാൾ കിഴിവ് ലഭിക്കും. ഇഷ്യൂ സൈസിന്റെ 5 ശതമാനം വരെ ജീവനക്കാർക്കും 10 ശതമാനം പോളിസി ഉടമകൾക്കും റിസർവ് ചെയ്യാം. 2022 മാർച്ചിൽ ഐപിഒ നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. 

നിങ്ങൾ ഒരു എൽഐസി പോളിസി ഉടമയും ഐപിഒയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുമാണെങ്കിൽ ഈ രേഖകൾ ആവശ്യമായി വരും. :

  1. പാൻ കാർഡ് എൽഐസിയുമായി അപ്ഡേറ്റ് ചെയ്തിരിക്കണം.

  2. എൽഐസി പോളിസികൾക്കായി ഉപയോഗിക്കുന്ന പാനും നിങ്ങളുടെ ബ്രോക്കർ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തതിരിക്കുന്ന പാനും ഒന്നായിരിക്കണം.

എൽഐസിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക. ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023