സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളർച്ച കൈവരിച്ച് ഏഷ്യൻ പെയിന്റ്സ്; നാൾവഴികൾ ഇങ്ങനെ

Home
editorial
how-asian-paints-used-innovative-tech-to-drive-growth
undefined

എൺമ്പത് വർഷത്തെ പാരമ്പര്യമുള്ള രാജ്യത്തെ ഏറ്റവും വലിയ പെയിന്റ് കമ്പനിയാണ് ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ്. ഇന്ത്യയിലെ മറ്റേതൊരു പെയിന്റ് കമ്പനിയെ അപേക്ഷിച്ച് നോക്കിയാലും ഇരട്ടി വലിപ്പമാണ് ഏഷ്യൻ പെയിന്റ്സിനുള്ളത്. 15 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏഷ്യൻ പെയിന്റ്സ് ഗ്രൂപ്പിന് ലോകത്ത് 26 പെയിന്റ് നിർമ്മാണ കേന്ദ്രങ്ങളാണുള്ളത്. കമ്പനി അറുപതിലധികം രാജ്യങ്ങളിൽ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്നു. സ്ഥാപകരുടെ മുൻകരുതലുകളും നൂതനവുമായ ചിന്താഗതിയുടെ ഫലമായി കമ്പനിയുടെ ബിസിനസ്സ് മികച്ച  വളർച്ചയാണ് നാളിതുവരെ കൈവരിച്ചത്.

ഡിജിറ്റൽ നവീകരണങ്ങളിലൂടെ എങ്ങനെയാണ് ഇന്ത്യയിലെ അതിവേഗം വളരുന്ന കമ്പനികളിലൊന്നായി ഏഷ്യൻ പെയിന്റ്‌സ് മാറിയതെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

ആദ്യ ചുവടുവയ്പ്പ്

1942-ൽ ചമ്പലാൽ ചോക്‌സി, ചിമൻലാൽ ചോക്‌സി, സൂര്യകാന്ത് ദാനി, അരവിന്ദ് വക്കീൽ എന്നിവർ ചേർന്ന് മുംബൈയിലെ ഒരു ചെറിയ ഗാരേജിൽ നിന്ന് “ഏഷ്യൻ ഓയിൽ ആൻഡ് പെയിന്റ് കമ്പനി” ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധം, ക്വിറ്റ് ഇന്ത്യാ സമരം, ബർമയിൽ ജപ്പാൻ നടത്തിയ ആക്രമണം എന്നിവ ഇറക്കുമതിക്ക്, പ്രത്യേകിച്ച് എണ്ണയുടെ താത്കാലിക നിരോധനം ഏർപ്പെടുത്താൻ ബ്രിട്ടീഷ് സാമ്രാജ്യത്തെ പ്രേരിപ്പിച്ചു. ഇവർ നാല് പേരും ഈ മോശം സാഹചര്യത്തെ അവസരമാക്കി മാറ്റാൻ തീരുമാനിച്ചു.

പെയിന്റ് ടിന്നുകളിൽ വിൽക്കുന്നതിനുപകരം ചെറിയ പാക്കറ്റുകളിൽ വിതരണം ചെയ്ത ആദ്യത്തെ കമ്പനികളിൽ ഒന്നായിരുന്നു ഏഷ്യൻ ഓയിൽ ആൻഡ് പെയിന്റ് കമ്പനി. ഈ നൂതന പാക്കേജിംഗ് രീതി അവരുടെ വിതരണ പ്രക്രിയയെ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്തു. 1952 ഓടെ ഏഷ്യൻ ഓയിൽ & പെയിന്റ് കമ്പനി 23 കോടി രൂപയുടെ വാർഷിക വിറ്റുവരവ് രേഖപ്പെടുത്തി. ജീവിതശൈലിയുമായി ബന്ധപ്പെടുത്തി പെയിന്റിംഗിനെ ചുറ്റിപ്പറ്റിയുള്ള ആളുകളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാൻ കമ്പനിയുടെ  മാർക്കറ്റിംഗ് കാമ്പെയ്‌നുകൾക്ക് സാധിച്ചു. 1965ൽ കമ്പനി ഏഷ്യൻ പെയിന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡായി പേര് മാറ്റി സ്ഥാപിച്ചു. ശേഷം 1973 ൽ കമ്പനി പൊതു വിപണിയിൽ ലിസ്റ്റ് ചെയ്തു.

തുടക്കത്തിൽ 20 ശതമാനം മാർജിൽ മൊത്തക്കച്ചവടക്കാർ അല്ലെങ്കിൽ വിതരണക്കാർ വഴിയാണ്  കമ്പനി പെയിന്റുകൾ വിറ്റിരുന്നത്. ഇതിന് ശേഷം ഇടനിലക്കാരായ മൊത്തക്കച്ചവടക്കാരെ ഒഴിവാക്കി കൊണ്ട് റീട്ടെയിൽ ഡീലർമാർ വഴി കമ്പനി നേരിട്ട് ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കാൻ തുടങ്ങി.

ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള ഫോക്കസ്

1970-ൽ, ഏഷ്യൻ പെയിന്റ്‌സ് 8 കോടി രൂപ മുടക്കി ഒരു മെയിൻഫ്രെയിം കമ്പ്യൂട്ടർ വാങ്ങി, ഇത് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമ്പനിയാണ് ഏഷ്യൻ പെയിന്റ്സ്. കമ്പ്യൂട്ടറുകൾ എന്താണെന്നോ അതിന്റെ ഉപയോഗം എങ്ങനെയാണെന്നോ ഭൂരിഭാഗം ഇന്ത്യക്കാർക്കും ഒരു പിടിയും ഇല്ലാതിരുന്ന കാലമായിരുന്നു അത്. ഈ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കമ്പനി തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ തുടങ്ങി. ഇതിലൂടെ ഇൻവെന്ററിയും ബില്ലിംഗ് മാനേജ്മെന്റും ഡിജിറ്റൈസ് ചെയ്തു, ഇത് സമയവും ചെലവും ലാഭിക്കാൻ  കമ്പനിയെ സഹായിച്ചു. 1970-കളുടെ മധ്യത്തിൽ ഏഷ്യൻ പെയിന്റ്‌സ് കമ്പ്യൂട്ടറൈസ്ഡ് കളർ മാച്ചിംഗ് ഉപയോഗിക്കാൻ ആരംഭിച്ചു. 1980-കളിൽ പേഴ്‌സണൽ കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നതിന് കമ്പനി ജീവനക്കാരെ പരിശീലനം നൽകുകയും, 1990-കളിൽ ഒരു കസ്റ്റമർ കെയർ ഹെൽപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്തു.

പെയിന്റ് കമ്പനി നിർമ്മാണം, ഓർഡർ പ്രോസസ്സിംഗ്, വിതരണ ശൃംഖല എന്നിവയ്ക്കായി ഐടി സംവിധാനങ്ങൾ കമ്പനി ഉപയോഗിച്ചു. കാര്യക്ഷമതയും ഉപഭോക്തൃ സേവനവും വർദ്ധിപ്പിക്കുന്നതിനായി കമ്പനി ഓർഡർ എടുക്കൽ പ്രക്രിയയെ ഒരൊറ്റ കോർപ്പറേറ്റ് കോൾ സെന്ററിലേക്കായി കേന്ദ്രീകരിച്ചു. 2008-ൽ സ്റ്റോറേജ്, വീണ്ടെടുക്കൽ സംവിധാനങ്ങൾ പോലും ഓട്ടോമേറ്റ് ചെയ്തു. 50 വർഷത്തിലേറെയായി, ഏഷ്യൻ പെയിന്റ്‌സ് ഇന്ത്യയിലുടനീളം വാങ്ങിയ പെയിന്റുകളുടെ നിറം, വലുപ്പം, അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരുന്നു.

അടുത്തിടെ, മൈസൂരുവിലെയും വിശാഖപട്ടണത്തിലെയും രണ്ട് പുതിയ പ്ലാന്റുകളിൽ കമ്പനി അത്യാധുനിക ഓട്ടോമാറ്റിക് ട്രക്ക്-ലോഡിംഗ് സംവിധാനങ്ങൾ നടപ്പിലാക്കി. മൊത്തത്തിലുള്ള ആവശ്യകതയുടെ പ്രവചനം നിരന്തരം മെച്ചപ്പെടുത്തുന്നതിന് അവർ അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് സോഫ്റ്റ്‌വെയർ/അൽഗരിതങ്ങൾ എന്നിവയും ഉപയോഗിക്കുന്നു. ആത്യന്തികമായി മികച്ച ഉപഭോക്തൃ സേവനം നൽകാൻ ഏഷ്യൻ പെയിന്റ്സിനെ ഇത് സഹായിച്ചു. കമ്പനി അതിന്റെ ഡിജിറ്റൽ വിഷൻ വളരെ ശ്രദ്ധയോടെയാണ് നടപ്പിലാക്കി വരുന്നത്.

വമ്പൻ വളർച്ച

ഡിജിറ്റൽ സംരംഭങ്ങൾ, വിപുലമായ വിതരണ ശൃംഖല, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം എന്നിവയുടെ ഫലമായി 1970-കൾ മുതൽ ഏഷ്യൻ പെയിന്റ്‌സ് പെയിന്റുകളുടെ വിപണിയിൽ മുൻനിരയിലാണ് നിലകൊള്ളുന്നത്. നിലവിൽ, ആഭ്യന്തര പെയിന്റ് വിപണിയിൽ ഏകദേശം 42 ശതമാനത്തിന്റെ വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ഉപഭോക്തൃ മുൻഗണനകളിൽ നിന്ന് ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കി, കമ്പനി അതിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ പെയിന്റുകളിൽ നിന്ന് അലങ്കാര കോട്ടിംഗിലേക്ക് വിപുലീകരിച്ചു. ഏഷ്യൻ പെയിന്റ്‌സ് ഇപ്പോൾ ഹോം ഇംപ്രൂവ്‌മെന്റ് & ഡെക്കർ സെഗ്‌മെന്റിൽ ഉണ്ട് ,കൂടാതെ അതിന്റെ പോർട്ട്‌ഫോളിയോയിലേക്ക് ഫർണിച്ചറുകളും ലൈറ്റിംഗ് സൊല്യൂഷനുകളും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പെയിന്റ് നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന രാസ ഉൽപ്പന്നങ്ങളിലേക്കും കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിച്ചു.

ഡാറ്റാ അനലിറ്റിക്‌സ് പ്രയോജനപ്പെടുത്തുന്നതിലൂടെ, ഏഷ്യൻ പെയിന്റ്‌സിന് അതിന്റെ ഓരോ ഉൽപ്പന്നത്തിന്റെയും ആവശ്യകത കൃത്യമായി പ്രവചിക്കാൻ കഴിയും. 90 ശതമാനത്തിലധികം കൃത്യതയോടെ ഒരു നിർദ്ദിഷ്ട തീയതിയിൽ നിർദ്ദിഷ്ട സ്ഥലത്ത് എന്ത് ഉൽപ്പന്നം ആവശ്യമാണെന്ന് കമ്പനിക്ക് ഇതിലൂടെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.  അങ്ങനെ, കമ്പനി 70,000ൽ അധികം രജിസ്റ്റർ ചെയ്ത ഡീലർമാർക്ക് ഒരു ദിവസം ഏകദേശം 3-4 തവണ പെയിന്റുകൾ വിതരണം ചെയ്യുന്നു. ഏതെങ്കിലും ഒരു ദിവസം പെയിന്റ് സ്റ്റോക്ക് വെറും മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നാൽ അതേദിവസം തന്നെ പുതിയ ബാച്ചുകൾ എത്തിച്ചേരും. മുഴവനായും ഓട്ടോ മേറ്റഡ് രീതിയിലാണ് ഇവ എല്ലാം തന്നെ നടക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, 60 വർഷത്തിലേറെയായി പ്രതിവർഷം 20 ശതമാനത്തിന്റെ വരുമാന വളർച്ച നേടുന്ന ലോകത്തിലെ ഏക കമ്പനികളിലൊന്നാണ് ഏഷ്യൻ പെയിന്റ്സ്. ഓരോ മൂന്ന് വർഷത്തിലും കമ്പനിയുടെ  ബിസിനസ്സ് ഇരട്ടിയാകും. മിക്ക എഫ്എംസിജി സ്ഥാപനങ്ങൾക്കും ചാനൽ ചെലവുകൾ പോലെയുള്ളവ കാരണം പരമാവധി റീട്ടെയിൽ വിലയുടെ 30-45 ശതമാനം നഷ്ടമാകുമ്പോൾ, ഏഷ്യൻ പെയിന്റ്സ് വിതരണത്തിനായി ചെലവഴിക്കുന്നത് വെറും 3 ശതമാനം മാത്രമാണ്.

ഏഷ്യൻ പെയിന്റ്സിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023