രാജ്യത്തെ രാസവള, കാർഷിക രാസവസ്തു നിർമാണ കമ്പനികളെ പറ്റി കൂടുതൽ അറിയാം

Home
editorial
fertilizer-and-agrochemicals-companies-an-analysis
undefined

കൊവിഡ് പകർച്ചവ്യാധിയെ  തുടർന്ന് രാജ്യം മുഴുവനായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ എല്ലാ മേഖലകളെയും സാമ്പത്തികമായി അത് ബാധിച്ചിരുന്നു. എന്നാൽ കാർഷിക മേഖല മാത്രം ഈ കാലഘട്ടത്തിൽ പോലും  ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 3.4 ശതമാനത്തിന്റെ വളർച്ചയാണ് 2020-21 സാമ്പത്തിക വർഷം കാർഷിക  മേഖല രേഖപ്പെടുത്തിയത്. വിതരണ ശൃംഖലയിൽ നേരിട്ട തടസ്സങ്ങൾക്കിടയിലും രാജ്യത്തെ കാർഷിക മേഖല പൗരന്മാരുടെ വർദ്ധിച്ചുവരുന്ന ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ശക്തമായി പ്രവർത്തിച്ചു. ഇക്കാലയളവിൽ രാസവള കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും കർഷകർക്ക് ആവശ്യമായത് എല്ലാം നൽകുകയും ചെയ്തു. ഇതിനാൽ തന്നെ ചില വളം കമ്പനികൾ ഇക്കാലയളവിൽ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.

ഇന്ത്യയിലെ രാസവള-കാർഷിക  വ്യവസായത്തിന്റെ പരിധിയിൽ വരുന്ന പ്രമുഖ കമ്പനികളെയാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിചയപ്പെടുത്തുന്നത്.

UPL

യു‌പി‌എൽ ലിമിറ്റഡ്– മുമ്പ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി രാജ്യത്ത് ഉടനീളമുള്ള രാസവള-കാർഷിക ആവശ്യങ്ങൾക്കുള്ള പരിഹാരം നൽകുന്നു. കാർഷിക പ്രവർത്തനം, കാർഷികേതര പ്രവർത്തനം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കമ്പനി പ്രവർത്തിച്ചു വരുന്നത്. കളനാശിനികൾ, കുമിൾ നാശിനികൾ, കീടനാശിനികൾ എന്നിവയാണ് കമ്പനി പ്രധാനമായും നൽകി വരുന്നത്. ഇതിനൊപ്പം വിത്തു സംസ്കരണ ഉത്പ്പന്നങ്ങൾ‌, വിള സംരക്ഷണത്തിനുള്ള പരിഹാരങ്ങൾ‌ എന്നിവയും കമ്പനി പ്രതിനിധാനം ചെയ്യുന്നു. പ്ലാന്റ് ഉത്തേജക പരിഹാരങ്ങൾ, വിളവെടുപ്പിനു ശേഷം ആവശ്യമായ ഉത്പ്പന്നങ്ങൾ, കർഷക ഉപദേശക വിദ്യാഭ്യാസ സേവനങ്ങൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സാമ്പത്തിക സ്ഥിതിയും വിപുലീകരണ പദ്ധതികളും

കൊവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ  ലോക്ക്ഡൗൺ  യുപിഎല്ലിന്റെ സാമ്പത്തിക സ്ഥിതിയെ  സാരമായി ബാധിച്ചില്ല. 2021 സാമ്പത്തിക വർഷം  മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 72 ശതമാനം വർദ്ധിച്ച് 1063 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം മുൻപാദത്തേക്കാൾ 40 ശതമാനം വർദ്ധിച്ച് 12706 കോടി രൂപയായി. നവീകരണത്തിലും പരിവർത്തനത്തിലും കമ്പനി വളരെയധികം ശ്രദ്ധകേന്ദ്രീകരിക്കുന്നതായി കാണാം. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഇത് കമ്പനിയെ മുന്നേറാൻ സഹായിക്കുന്നു. 

കഴിഞ്ഞ അഞ്ച് വർഷമായി യുപിഎല്ലിന്റെ വരുമാനവും ലാഭവും നിരന്തരമായി വർദ്ധിച്ചു വരികയാണ്. 2017 സാമ്പത്തിക വർഷം മുതൽ 2021 വരെ 24.18 ശതമാനം വളർച്ചയാണ് കമ്പനി വരുമാനത്തിൽ രേഖപ്പെടുത്തിയത്. അതേസമയം മേഖലയുടെ ശരാശരി  വളർച്ച നിരക്ക് എന്നത് 7.45 ശതമാനമാണ്. മേഖലയിൽ 26.64 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.

പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുസ്ഥിര കാർഷിക മേഖലയിലേക്കും പരിവർത്തന വളർച്ചയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അടുത്തിടെ യുപിഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ  പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരു വർഷം കൊണ്ട് 110 ശതമാനത്തിന്റെ വർദ്ധനവാണ് യുപിഎൽ ഓഹരി കെെവരിച്ചത്.

Chambal Fertilisers and Chemicals

ഇന്ത്യയിലും അന്തർദ്ദേശീയമായും വളങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണ്  ചമ്പൽ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്  അഥവ സി.എഫ്.സി.എൽ. യൂറിയ, ഡി-അമോണിയം ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. കീടനാശിനികൾ, കുമിൾനാശിനികൾ, കളനാശിനികൾ,നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം രാസവളങ്ങൾ, കാർഷിക രാസവസ്തുക്കൾ, സൂക്ഷ്മ പോഷകങ്ങൾ എന്നിവ  ‘ഉത്തം’ ബ്രാൻഡിന്  കീഴിൽ കമ്പനി നിർമിക്കുന്നു.

സാമ്പത്തിക സ്ഥിതിയും വിപുലീകരണ പദ്ധതികളും

മാർച്ചിലെ നാലാം പാദത്തിൽ കമ്പനി 541.75 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 201.06 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.  കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 16.67 ശതമാനം വർദ്ധിച്ച് 1640 കോടി രൂപയായി.

2017 സാമ്പത്തിക വർഷം മുതൽ കമ്പനിയുടെ സി.എ.ജി.ആർ വളർച്ച നിരക്ക് എന്നത് 4.92 ശതമാനമായിരുന്നു. അതേസമയം മേഖലയുടെ ശരാശരി  വളർച്ച നിരക്ക് എന്നത് 7.45 ശതമാനമാണ്. മേഖലയിൽ 9.29 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ  ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും സാധാരണ നിലയിൽ  പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ കമ്പനിക്ക് സാധിച്ചു. കമ്പനിയുടെ  ഉത്പാദനം, വിതരണം, വിപണി ശേഖരണം എന്നിവയെ ഒന്നും തന്നെ ഇത്  ബാധിച്ചില്ല. അതിനാൽ തന്നെ അടുത്ത വർഷത്തേക്കുള്ള കടങ്ങളും മറ്റ് സാമ്പത്തിക ബാധ്യതകളും തിരിച്ചടയ്ക്കാൻ സി‌എഫ്‌സി‌എല്ലിന് സാധിക്കും. വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 7000 ഡീലർമാരുള്ള ശക്തമായ മാർക്കറ്റിംഗ് ശൃംഖലയാണ് സി.എഫ്.സി.എല്ലിന് ഉള്ളത്.

കഴിഞ്ഞ ഒരു വർഷമായി കമ്പനിയുടെ വിപണി വില 106 ശതമാനമാണ് ഉയർന്നത്.

National Fertilizers Ltd

ഇന്ത്യയിൽ യൂറിയ ഉത്പ്പന്നങ്ങളും വ്യാവസായിക രാസ ഉത്പന്നങ്ങളും നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണ് നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ്. രാസവളങ്ങൾ നൽകുന്നതിനും മണ്ണിന്റെ ഫലഭൂയിഷ്ഠി നിലനിർത്തുന്നതിനും ഉപയോഗിക്കുന്ന റൈസോബിയം, ഫോസ്ഫേറ്റ്, സിങ്ക് എന്നിവയുൾപ്പെടെയുള്ള ജൈവ വളങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ‘കിസാൻ ബീജ്’ എന്ന ബ്രാൻഡ് നാമത്തിൽ കമ്പനി സാക്ഷ്യപ്പെടുത്തിയ വിത്തുകൾ വിതരണം ചെയ്യുന്നു. കമ്പോസ്റ്റ് ഉത്പന്നങ്ങൾ, കാർഷിക രാസവസ്തുക്കൾ / കീടനാശിനികൾ, പൊട്ടാസ്യം ക്ലോറൈഡ്, ഡി-അമോണിയം ഫോസ്ഫേറ്റ്, നൈട്രോ ഫോസ്ഫേറ്റ് എന്നിവയിലും കമ്പനി വ്യാപാരം നടത്തുന്നു.

സാമ്പത്തിക സ്ഥിതി

കമ്പനിയുടെ നാലാം പാദ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുൻ കാലങ്ങളിലെ കമ്പനിയുടെ പ്രകടനം പരിശോധിച്ചാൽ നിരന്തരമായി വരുമാനം വർദ്ധിച്ചു വരുന്നതാണ് കാണാനായത്. ഉത്തരേന്ത്യയിൽ കമ്പനിക്ക് ശക്തമായ സ്വാധീനമുണ്ട്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ വളർച്ച നിരക്ക് 9.04 ശതമാനമായി. അതേസമയം മേഖലയുടെ ശരാശരി  വളർച്ച നിരക്ക് എന്നത് 7.45 ശതമാനമാണ്. മേഖലയിൽ 9.8 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.

കഴിഞ്ഞ ഒരു വർഷമായി എൻ.എഫ്.എല്ലിന്റെ  വിപണി വില 185 ശതമാനമാണ് ഉയർന്നത്.

Coromandel International

ഇന്ത്യയിൽ കൃഷിക്ക് ആവശ്യമായ ഉത്പ്പന്നങ്ങൾ  നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണ് കോറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ്. പോഷകവും മറ്റ് അനുബന്ധ ബിസിനസും  വിള സംരക്ഷണവുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന രണ്ട് മേഖലകൾ. രാസവളങ്ങൾ, ജൈവ കീടനാശിനി പരിഹാരങ്ങൾ, വിള സംരക്ഷണ ഉത്പ്പന്നങ്ങൾ  എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. വിള ഉപദേശങ്ങൾ, മണ്ണ് പരിശോധന, കാർഷിക യന്ത്രവൽക്കരണം തുടങ്ങിയ  കാർഷിക സേവനങ്ങളും കമ്പനി നൽകിവരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി  750 ഗ്രാമീണ റീട്ടെയിൽ  ഔട്ട്‌ലെറ്റുകൾ കമ്പനി  പ്രവർത്തിപ്പിച്ചു വരുന്നു. ഇ.ഐ.ഡി പാരി (ഇന്ത്യ) ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ്  കോറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ്.

സാമ്പത്തിക സ്ഥിതി

മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 33.5 ശതമാനം ഇടിഞ്ഞ് 155.85 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പന 05 ശതമാനം ഇടിഞ്ഞ് 2855.97 കോടി രൂപയായി. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം 3.01 ശതമാനം സി.എ.ജി.ആർ വളർച്ചയാണ് കെെവരിച്ചത്. അതേസമയം മേഖലയുടെ ശരാശരി  വളർച്ചാ നിരക്ക് എന്നത് 7.45 ശതമാനമാണ്. മേഖലയിൽ 9.79 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.

ഉത്പന്നങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിനായി ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പിലാക്കി കൊണ്ട് നാലാം പാദത്തിൽ സമഗ്ര പ്രകടനം കാഴ്ചവച്ചതായി കോറമാണ്ടൽ ഇന്റർനാഷണൽ പറഞ്ഞു. വിള ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനുമായി പുതിയ ഉത്പ്പന്നങ്ങൾ അവതരിപ്പിക്കുന്നതിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും കമ്പനി വ്യക്തമാക്കി.

Rallis India

ഇന്ത്യയിൽ കൃഷിക്ക് ആവശ്യമായ ഉത്പ്പന്നങ്ങൾ  നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന മറ്റൊരു കമ്പനിയാണ് റാലിസ് ഇന്ത്യ ലിമിറ്റഡ്. കീടനാശിനികൾ, കുമിൾ നാശിനികൾ, കളനാശിനികൾ എന്നീ വിള സംരക്ഷണ ഉത്പ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് അരി, ചോളം, സൂര്യകാന്തി, പരുത്തി, നെല്ല്, കടുക്, ഗോതമ്പ് തുടങ്ങിയവയുടെ വിത്തും കമ്പനി വിതരണം ചെയ്യുന്നു.വിള സംരക്ഷണം, പ്രത്യേക രാസവസ്തുക്കൾ, പോളിമറുകൾ എന്നിവയ്ക്കായി  കരാർ നിർമ്മാണ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലായി 70 രാജ്യങ്ങളിലേക്ക് കമ്പനി തങ്ങളുടെ
ഉത്പ്പന്നങ്ങൾ  കയറ്റുമതി ചെയ്യുന്നുണ്ട്. ടാറ്റാ കെമിക്കൽസിന്റെ അനുബന്ധ സ്ഥാപനമാണ് റാലിസ് ഇന്ത്യ.

സാമ്പത്തിക സ്ഥിതി

മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 8.12 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 68 ലക്ഷം രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 32 ശതമാനം വർദ്ധിച്ച് 471.26 കോടി രൂപയായി. കാർഷിക മേഖലയിൽ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനി സ്വയം നിലകൊള്ളുകയാണെന്നും റാലിസ്  വ്യക്തമാക്കി.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം 4.79 ശതമാനം സി.എ.ജി.ആർ വളർച്ചയാണ് കെെവരിച്ചത്. അതേസമയം മേഖലയുടെ ശരാശരി  വളർച്ച നിരക്ക് എന്നത് 7.45 ശതമാനമാണ്. മേഖലയിൽ 1.71 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.

കഴിഞ്ഞ ഒരു വർഷമായി കമ്പനിയുടെ വിപണി വില 50 ശതമാനമാണ് വർദ്ധിച്ചത്.

നിഗമനം

അനേകം കമ്പനികൾ തമ്മിൽ വളരെ വലിയ മത്സരം നടന്നുവരുന്ന മേഖലയാണ് വളം, കാർഷിക രാസ വ്യവസായം എന്നത്. ഇതിൽ പ്രധാന ചില കമ്പനികളെ പറ്റി മാത്രമാണ് ഞങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്.  Rashtriya Chemicals & Fertilizers, Deepak Fertilisers & Petrochemicals Corp, Fertilisers and Chemicals Travancore (FACT), Bayer CropScience, Gujarat State Fertilizers & Chemicals (GSFC) എന്നിവയാണ് മറ്റു കമ്പനികൾ.

കഴിഞ്ഞ ആഴ്ച ഡി-അമോണിയം ഫോസ്ഫേറ്റിന്റെ സബ്സിഡി
ബാഗിന് 500 രൂപയിൽ നിന്ന് 1,200 രൂപയായി കേന്ദ്രം വർദ്ധിപ്പിച്ചതിന് പിന്നാലെ  പ്രധാന വളം കമ്പനികളുടെ ഓഹരികളിൽ ശക്തമായ മുന്നേറ്റം നടന്നിരുന്നു. അന്താരാഷ്ട്ര വിപണികളിൽ ഫോസ്ഫോറിക് ആസിഡ്, അമോണിയ എന്നിവയുടെ വില വർദ്ധിച്ചതാണ് ഇതിന് കാരണമായത്. ഈ നീക്കം കർഷകർക്ക് ഏറെ ഗുണം ചെയ്യും.എന്നാൽ  ഇത് മുകളിൽ സൂചിപ്പിച്ച കമ്പനികൾക്ക് മേലുള്ള സബ്സിഡി ഭാരം വർദ്ധിപ്പിച്ചേക്കാം.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ ഫെർട്ടിലെെസർ വിപണി 11.9 ശതമാനം സി.എ.ജി.ആർ വളർച്ച രേഖപ്പെടുത്തുമെന്ന് മൊർദോർ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു. സാങ്കേതിക കണ്ടുപിടുത്തങ്ങളുടെ സഹായത്തോടെ രാജ്യത്തിന് മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷ ഉറപ്പു നൽകാൻ വ്യവസായത്തിന് സാധ്യമാകും. ഇതിനാൽ തന്നെ ഈ ഓഹരികളിലും സുസ്ഥിര വളർച്ചയുണ്ടായിരിക്കും.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023