ഡോഗ്‌കോയിൻ: ഉയർച്ചയിൽ നിന്നും താഴ്ചയിലേക്കുള്ള കഥ ഇങ്ങനെ

ഡോഗ്‌കോയിൻ എന്ന ക്രിപ്‌റ്റോകറന്‍സിയെ പറ്റി ഏവർക്കും അറിയാമെന്ന് കരുതുന്നു. ഇത് ഒരു അൾട്ടർനേറ്റീവ് നാണയമാണ്. തുടക്കത്തിൽ ഏറെ ശ്രദ്ധിക്കപ്പെടാതെയിരുന്ന ഡോഗ്‌കോയിന്റെ വില ഇപ്പോൾ കുതിച്ചുയരുകയാണ്. വാഹന നിർമാതാക്കളായ ഹോണ്ടയേക്കാൾ വിലമതിക്കുന്നതാണ് ഈ മെം ക്രിപ്‌റ്റോകറൻസി. ടെസ്‌ലയുടെ സി.ഇ.ഒ എലോൺ മസ്ക് ട്വീറ്റിൽ പരാമർശിച്ചതിന് ശേഷമാണ് ഡോഗ്‌കോയിൻ ആഗോള ശ്രദ്ധ നേടിയത്. അടുത്തിടെ യുഎസിലെ മുപ്പത്തിമൂന്നുകാരൻ ഡോഗ്‌കോയിനിൽ നിക്ഷേപിച്ചു കൊണ്ട് കോടീശ്വരനായ സംഭവം നിങ്ങൾ കേട്ടുകാണും. ശരിക്കും എന്താണ് ഡോഗ്‌കോയിൻ ? മാർക്കറ്റ്ഫീഡ് പരിശോധിക്കുന്നു.
ഡോഗ്‌കോയിന്റെ ചരിത്രം
ഒരു ‘ഡോഗ്’ മെമ്മില്‍ നിന്നാണ് നാണയത്തിന് ഈ പേര് ലഭിച്ചത്. ജാപ്പനീസ് നായയായ ഷിബ ഇനുവിന്റെ ചിത്രമാണ് ഡോഗ്‌കോയിനിൽ ഉള്ളത്.
2013ൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ബില്ലി മര്‍കസും ജാക്‌സണ്‍ പാമറും ചേർന്നാണ് തമാശയെന്നോണം ബിറ്റ്‌കോയിന് പകരമായി ഡോഗ്‌കോയിൻ നിർമിച്ചത്. എന്നാൽ ആ സമയങ്ങളിൽ ഒന്നും തന്നെ ഇവർ ഡോഗ്‌കോയിനെ വളരെ ഗൗരവപരമായി കണ്ടിരുന്നില്ല.
ഡോഗ്‌കോയിൻ മാത്രമായിരുന്നില്ല അക്കാലത്ത് ലഭ്യമായ മറ്റ് ബദൽ ക്രിപ്‌റ്റോകറൻസികൾ. ലിറ്റ്കോയിൻ, നെയിംകോയിൻ, പിയർകോയിൻ, ലക്കികോയിൻ തുടങ്ങി അനേകം ക്രിപ്‌റ്റോകറൻസികളാണ് വിപണിയിൽ ഉണ്ടായിരുന്നത്. പ്രോട്ടോക്കോൾ, സാങ്കേതികവിദ്യ, മൂല്യം, ഖനനം എന്നിവയിൽ മറ്റു ക്രിപ്‌റ്റോകറൻസികളിൽ നിന്നും ഡോഗ്‌കോയിൻ ഏറെ വ്യത്യസ്തത പുലർത്തിയിരുന്നു. ബിറ്റ്‌കോയിനെ സംബന്ധിച്ചടത്തോളം പരമാവധി 21 ദശലക്ഷം ബിറ്റ്കോയിനുകൾ മാത്രമാണ് ഖനനം ചെയ്യാനാകുക. 2140 ഓടെ ബിറ്റ്‌കോയിൻ ഈ പരിധിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. അതേസയമം 2021 മെയ് 7ലെ കണക്കു പ്രകാരം ഡോഗ്‌കോയിന്റെ വിപണി മൂല്യം 99.3 ബില്യൺ ഡോളറാണ്.
വർഷങ്ങളായി നടന്നു വരുന്ന പ്രെെസ് ആക്ഷൻ
2021 ജനുവരി വരെ ഡോഗ്‌കോയിൻ എന്നത് സാധാരണ ഒരു ക്രിപ്‌റ്റോകറൻസിയായിരുന്നു. റെഡ്ഡിറ്റ്, ഡിസ്കോർഡ് പോലുള്ള ചർച്ചാ ഗ്രൂപ്പ് ഫോറങ്ങളിൽ ഇത് ഇടംപിടിച്ചു. എന്നാൽ ഒരു ദിവസം ടെസ്ല മേധാവി എലോൺ മസ്ക് ഡോഗ്‌കോയിൻ സംബന്ധിച്ച് ഒരു ട്വീറ്റ് ചെയ്തു. ‘Doge’ എന്ന് മാത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 2021 മെയ് തുടക്കത്തോടെ ഡോഗ്‌കോയിന്റെ മൂല്യത്തിൽ 99 ശതമാനം വർദ്ധനവ് ഉണ്ടായി. ഓരോ തവണ ഡോഗ്‌കോയിനെ പറ്റി എലോൺ ട്വീറ്റ് ചെയ്യുമ്പോളും ഇതിന്റെ വിലയിൽ വ്യത്യാസമുണ്ടായി. ഇതോടെ ഡോഗ്‌കോയിൻ വിപണിയിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.
ഡോഗ് ഉൾപ്പെടെയുള്ള ഇത്തരം ക്രിപ്‌റ്റോകറൻസികൾ സുരക്ഷിതമാണോ ?
ആദ്യമായി വിപണിയിലേക്ക് വരുന്ന ക്രിപ്‌റ്റോകറൻസിയാണ് ബിറ്റ്കോയിൻ. ഇത് ഡോഗ്‌കോയിനേക്കാൾ വളരെ വ്യത്യസ്തമാണ്. ഡോഗ്‌കോയിൻ പരിധി ഇല്ലാത്ത വിതരണം അനുവധിക്കുന്നു. എന്നാൽ 21 മില്യൺ എന്ന സംഖ്യയിൽ ബിറ്റ്കോയിന് മേൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമായേക്കും. ആവശ്യകതയ്ക്ക് ഒത്ത വിതരണമുള്ളതിനാൽ ഡോഗ്‌കോയിനിൽ സുസ്ഥിര വിലക്കയറ്റം സാധ്യമാകില്ല. വളരെ ശക്തമായ സാങ്കേതിക വിദ്യയാണ് ബിറ്റ്കോയിന് പിന്നിലുള്ളത്. എന്നാൽ ഡോഗ്‌കോയിൻ അങ്ങനെയല്ല. 2013-2014 കാലഘട്ടത്തിൽ നടന്ന സെെബർ ആക്രമണങ്ങളെ തുടർന്ന് 21 ദശലക്ഷം ഡോഗ് നാണയങ്ങളാണ് പലരിൽ നിന്നുമായി നഷ്ടപ്പെട്ടത്. എന്നിരുന്നാലും ഡോഗ്‌കോയിനിലെ അംഗങ്ങൾ എല്ലാ ചേർന്നു കൊണ്ട് നഷ്ടപെട്ട തുക വ്യക്തികൾക്ക് സംഭാവന ചെയ്തിരുന്നു. എന്നാൽ ബിറ്റ്കോയിനിൽ ഇത്തരം സെെബർ ആക്രമണങ്ങൾ അധികം സംഭവിക്കാറില്ല.
ഡോഗ്‌കോയിനിൽ നിക്ഷേപിക്കാമോ?
ഒറ്റ വാക്കിൽ പറഞ്ഞാൽ വേണ്ട എന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. വളരെ ഏറെ അപകടം പിടിച്ച ഒരു നിക്ഷേപ ആസ്തിയാണിത്. ഹ്രസ്വകാല നിക്ഷേപത്തിന് ഇത് ഉപകാരപ്പെട്ടേക്കാം. എന്നാൽ ദീർഘകാല നിക്ഷേപത്തിന് ഇത് ഒട്ടും തന്നെ സുരക്ഷിതമല്ല. എലോൺ മസ്കിനെ പോലെയുള്ള ചില വ്യക്തികളാണ് ഇതിന്റെ വില നിയന്ത്രിക്കുന്നത്. 90 ശതമാനം ക്രിപ്‌റ്റോകറൻസികളും 99 ക്രിപ്‌റ്റോകറൻസി വാലറ്റുകളാൽ നിയന്ത്രിക്കപ്പെടുന്നു.
പ്രെെസ് ആക്ഷൻ, വോള്യം തുടങ്ങിയ അനേകം ഘടകങ്ങളും ഇത്തരം ക്രിപ്‌റ്റോകറൻസികളുടെ വില നിയന്ത്രിക്കുന്നു. എന്നാൽ ഡോഗ്‌കോയിൻ എന്നത് ഏറെ രസകരമായ ഒന്നാണ്. സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചചെയ്യപെട്ടതിന് ശേഷം മാത്രമാണ് ഇതിന്റെ വില കുതിച്ചുയർന്നത്.
പ്രശസ്ത അമേരിക്കൻ ടോക്ക് ഷോ സാറ്റർഡേ നൈറ്റ് ലൈവിൽ പങ്കെടുത്ത് കൊണ്ട് എലോൺ മസ്‌ക് ഇതിന്റെ വില വീണ്ടും ഉയർത്തുമെന്ന് ഏവരും കരുതിയിരുന്നു. എന്നാൽ ഇതിനെ വെറും തമാശ രീതിയിൽ “hustle” എന്ന് മാത്രമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പരിപാടിക്ക് പിന്നാലെ ഡോഗ്‌കോയിന്റെ വില ഇടിയാൻ തുടങ്ങി. പ്രത്യേകിച്ചും ഒരു ആസ്തിയുടെ വില ഒരു വ്യക്തിക്ക് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ അതിൽ നിക്ഷേപിക്കുന്നത് അപകടമാണ്. നിങ്ങൾ ഡോഗ്‌കോയിനിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ട്രേഡിംഗ്, സാങ്കേതിക വിശകലനം, ക്രിപ്റ്റോകറൻസികളുടെ അടിസ്ഥാന വിശകലനം എന്നിവ മനസിലാക്കിയതിന് ശേഷം മാത്രം അത് ചെയ്യുന്നതാണ് ഉചിതം.

