ഇന്ത്യയുൾപ്പെടെ 13 രാജ്യങ്ങളിലെ ബാങ്കിംഗ് സേവനങ്ങള്‍ അവസാനിപ്പിച്ച് സിറ്റി ഗ്രൂപ്പ്, കാരണം അറിയാം

Home
editorial
citigroups-retail-exit-explained
undefined

ഇന്ത്യയുൾപ്പെടെയുള്ള 13 രാജ്യങ്ങളിലെ  റീട്ടെയിൽ ബിസിനസ്  അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി ലോക പ്രശസ്ത ഫിനാൻഷ്യൽ സ്ഥാപനമായ സിറ്റിഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശബാങ്കാണ് സിറ്റിഗ്രൂപ്പ്. കമ്പനിയുടെ ഈ പിൻമാറ്റത്തിന് പിന്നിലെ കാരണമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

കഥ ഇങ്ങനെ

ഏപ്രിൽ 15നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തങ്ങളുടെ റീട്ടെയിൽ ബാങ്കിംഗ് ബിസിനസ് അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ്സ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, വ്യക്തിഗത വായ്പ്പകൾ എന്നീ സേവനങ്ങൾ എല്ലാം തന്നെ നിർത്തുന്നതായും കമ്പനി വ്യക്തമാക്കി. ഓസ്‌ട്രേലിയ, ബഹ്‌റിൻ, ചൈന, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ഫിലിപ്പീൻസ്, പോളണ്ട്, റഷ്യ, തായ്‌വാൻ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലുള്ള ബാങ്കിംഗ് ബിസിനസ് അവസാനിപ്പിക്കാനും കമ്പനി തീരുമാനിച്ചു.

സിംഗപ്പൂർ, ഹോങ്കോംഗ്, യുഎഇ, ലണ്ടൻ എന്നിവിടങ്ങളിലുള്ള വെൽത്ത് മാനേജ്മെന്റ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കമ്പനിയുടെ നിലവിലെ  സിഇഒ  ജെയ്ൻ ഫ്രേസറിന്റെ പ്രധാന തീരുമാനങ്ങളിലൊന്നാണ് റീട്ടെയിൽ ബിസിനസിൽ നിന്നുള്ള പിൻമാറ്റം.


സിറ്റിഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ

119 വർഷങ്ങൾക്ക് മുമ്പാണ് സിറ്റി ഗ്രൂപ്പ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 1985ൽ കമ്പനിയുടെ റീട്ടെയിൽ ബിസിനസായ സിറ്റിബാങ്ക് പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ്, എടിഎം കാർഡ് എന്നിവ അവതരിപ്പിക്കുന്നതും സിറ്റിബാങ്കാണ്. 2020ലെ കണക്കു പ്രകാരം സിറ്റിബാങ്കിന് 30 ലക്ഷം ഉപഭോക്താക്കളും,12 ലക്ഷം ബാങ്ക്  അക്കൗണ്ടുകളും 35 ശാഖകളുമുണ്ട്. 2020-21 സാമ്പത്തിക വർഷം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബാങ്ക് രേഖപ്പെടുത്തിയത്. 22 ലക്ഷത്തിലധികം ക്രെഡിറ്റ് കാർഡുകളും ഇക്കാലയളവിൽ ബാങ്ക് വിതരണം ചെയ്തു. രാജ്യത്തെ റീട്ടെയിൽ ക്രെഡിറ്റ് കാർഡിന്റെ 6 ശതമാനം വിപണി വിഹിതം ഉള്ളതായും ബാങ്ക് അവകാശപ്പെട്ടു. മറ്റു വിദേശ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സിറ്റിബാങ്കിന്റെ മൊത്തം ആസ്തിയുടെ  മൂല്യം 2.99 ലക്ഷം കോടി രൂപയാണ്.

ഇത്രയും ശക്തമായ അടിത്തറയുണ്ടായിട്ടും ഇന്ത്യയിലെ റീട്ടെയിൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ തുടരാൻ കഴിയില്ലെന്ന്  സിറ്റിഗ്രൂപ്പ് വിലയിരുത്തുന്നു.

പിന്തിരിയാനുള്ള പ്രധാന കാരണങ്ങൾ

 • ഉയർന്ന വരുമാനമുള്ള വെൽത്ത് മാനേജ്മെന്റ് ബിസിനസിലേക്ക് മൂലധനം, നിക്ഷേപ ഡോളർ എന്നിവ ഉപയോഗിക്കണമെന്ന് സിറ്റിഗ്രൂപ്പ് കരുതുന്നു. അനേകം  ചെറുകിട റീട്ടെയിൽ ക്ലയന്റുകൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് ധാരാളം മൂലധനവും സമയവും ആവശ്യമാകും. ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്ക് സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി നിലവിലെ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് സിറ്റിബാങ്ക് കരുതുന്നു.

 • കൊവിഡ് 19 പകർച്ചവ്യാധി സാമ്പത്തിക മേഖലയെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിറ്റിബാങ്ക് പോലുള്ള വൻകിട സ്ഥാപനങ്ങളെ ആഗോള വിപണികളിലെ പ്രവർത്തനം വിശകലനം ചെയ്യാനും അതിനായി  തന്ത്രങ്ങൾ മെയ്യാനും ഇത് നിർബന്ധിതരാക്കി. റീട്ടെയിൽ രംഗത്ത് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാത്തതിനാലാണ് പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും ലാഭം സംരക്ഷിക്കുന്നതിനുമായി ഇന്ത്യയുൾപ്പെടെയുള്ള 13 രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിക്കുന്നത്.

 • ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്ത മേഖലകളിലെ  പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. ഇന്ത്യയിലെ ആഭ്യന്തര സ്ഥാപനങ്ങളായ എസ്.ബി.ഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സിറ്റിബാങ്കിന്റെ ബിസിനസിന് ഏറെ വെല്ലുവിളി ഉയർത്തുന്നു. താരതമ്യം ചെയ്താൽ സിറ്റിബാങ്കിന് 35 റീട്ടെയിൽ ബ്രാഞ്ചുകൾ ഉള്ളപ്പോൾ എസ്ബിഐക്ക് 24000 ശാഖകളാണ് രാജ്യത്തുള്ളത്.  ഈ സാഹചര്യത്തിൽ വിപണി വിഹിതം വർദ്ധിപ്പിച്ച് കൊണ്ട് ചെലവ് വർദ്ധിപ്പിക്കാൻ സിറ്റിഗ്രൂപ്പ് ആഗ്രഹിക്കുന്നില്ല. 

മുന്നിലേക്ക് എങ്ങനെ ?

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെങ്കിലും ക്രെഡിറ്റ് കാർഡ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉൾപ്പെടെയുള്ള ബാങ്കിംഗ് പ്രവർത്തനങ്ങളെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്ന്
സിറ്റിബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. സാധാരണ ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഒന്നും തന്നെ ഉടനടി മാറ്റമുണ്ടാകില്ല. ആശങ്കകൾ ഒഴിവാക്കുന്നതിനായി ഭാവിയിലെ നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ മുൻ‌കൂട്ടി അറിയിക്കുമെന്നും ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനൊപ്പം ജീവനക്കാരെ പിരിച്ചുവിടില്ലെന്നും ശാഖകൾ അടച്ചുപൂട്ടില്ലെന്നും സിറ്റിഗ്രൂപ്പ് വ്യക്തമാക്കി. അതേസമയം സിറ്റിഗ്രൂപ്പ് ഇന്ത്യയിലെ അതിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ്സ് തുടരും.


ഇന്ത്യയിലെ റീട്ടെയിൽ ബിസിനസ് ഘട്ടം ഘട്ടമായി വിൽക്കാൻ സിറ്റിഗ്രൂപ്പ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനായി ബാങ്കിന് ആദ്യം ആർ.ബി.ഐയുടെ അനുമതി ലഭിക്കണം. കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവ സിറ്റിബാങ്കിന്റെ റീട്ടെയിൽ വാണിജ്യ ബാങ്കിംഗ് ബിസിനസ്സ് ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂർ ആസ്ഥാനമായുള്ള ഡി‌ബി‌എസ് ബാങ്കും സിറ്റിബാങ്ക് ഏറ്റെടുക്കാൻ തയ്യാറായേക്കാം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023