121 വർഷങ്ങൾ കൊണ്ട് കെട്ടി ഉയർത്തിയ ബിസിനസ് സാമ്രാജ്യം, മുരുഗപ്പാ ഗ്രൂപ്പിന്റെ വളർച്ചാ വഴികൾ ഇങ്ങനെ
ടാറ്റാ, ഗോദറേജ്, ബിർള, റിലയൻസ്, അദാനി ഗ്രൂപ്പ് തുടങ്ങി ഇന്ത്യയുടെ വളർച്ചയ്ക്കായി നിർണായക പങ്കുവഹിച്ച നിരവധി ബിസിനസ് കൂട്ടായ്മകളെ നമുക്ക് അറിയാം. സമാനമായി 121 വർഷത്തെ പാരമ്പര്യമുള്ള മുരുഗപ്പാ ഗ്രൂപ്പിനെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
ബിസിനസ് പ്രൊഫെെൽ
1900ലാണ് ദിവാൻ ബഹദൂർ എഎം മുരുകപ്പ ചെട്ടിയാർ മ്യാൻമാറിൽ ബാങ്കിംഗ് സ്ഥാപനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ കമ്പനി തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ ബിസിനസുകളിലേക്ക് പടർന്ന് പന്തലിച്ചു. 1930 ഓടെ ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തിയ മുരുകപ്പ സംഘം കോറോമാണ്ടൽ എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് സ്ഥാപിച്ചുകൊണ്ട് എഞ്ചിനീയറിംഗ് മേഖലയിലേക്ക് കടന്നു. കമ്പനിയുടെ ബിസിനസ് ഡെവലപ്പ്മെന്റ് സ്ട്രാറ്റർജി എന്നത് വളരെ രസകരമായിരുന്നു. പുതുതായി തുടങ്ങുന്നതിനുപകരം വ്യവസായ വിദഗ്ധരുമായി അവർ സംയുക്ത സംരംഭങ്ങൾ ആരംഭിച്ചു. ഉദാഹരണമായി പറഞ്ഞാൽ ടിഐ സെെക്കിൾസ് 1949ൽ യുകെ ആസ്ഥാനമായുള്ള സെെക്കിൾ നിർമാതാക്കളായ ട്യൂബ് ഇൻവസ്റ്റ്മെന്റ്സ് ലിമിറ്റഡുമായി ചേർന്നാണ് തുടങ്ങിയത്.
ശേഷം 1954ൽ മുരുകപ്പ ഗ്രൂപ്പ് കാർബോറുണ്ടം യൂണിവേഴ്സൽ ലിമിറ്റഡ് സ്ഥാപിച്ചു. ഇത് സെറാമിക്സ് തുടങ്ങിയ വ്യാവസായിക ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനമാണ്. ചെറുകിട ബിസിനസുകൾക്ക് വായ്പ വാഗ്ദാനം ചെയ്യുന്നതിനായി ചോലമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനിയും മുരുഗപ്പ ഗ്രൂപ്പ് ആരംഭിച്ചു. 1981ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര നിർമാതാക്കളായ ഇഐഡി പാരിയെ മുരുഗപ്പാ ഗ്രൂപ്പ് ഏറ്റെടുത്തു.
ഗ്രൂപ്പ് സ്ഥാപനങ്ങൾ
നിലവിൽ മുരുഗപ്പാ ഗ്രൂപ്പിന്റെ ബിസിനസുകളെ കൃഷി, എഞ്ചിനീയറിംഗ്, ധനകാര്യം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്.
EID Parry
പഞ്ചസാര നിർമാണം, വിപണം എന്നിവ നടത്തി വരുന്ന കമ്പനിയാണ് ഇഐഡി പാരി. റീട്ടെയിൽ ഉത്പന്നങ്ങളായ ശുദ്ധീകരിച്ച പഞ്ചസാരയും, ബ്രൗൺ ഷുഗറും ‘അമൃത്’ ബ്രാൻഡിന് കീഴിൽ കമ്പനി വിൽക്കുന്നു. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് ആവശ്യമായ ടാബ്ലറ്റുകളിലും ടോണിക്കുകളിലും പുരട്ടാൻ ഉപയോഗിക്കുന്ന പശ്ചസാരയും കമ്പനി വിതരണം ചെയ്യുന്നു.
ഇന്ധനത്തിൽ മിശ്രിത മിശ്രിതമായി ഉപയോഗിക്കാവുന്ന എഥനോൾ കരിമ്പിൻ മോളാസിൽ നിന്ന് കമ്പനി വേർതിരിച്ചെടുക്കുന്നു. എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം വഴി 2025 ഓടെ ഇന്ധനത്തിലെ 20 ശതമാനവും എഥനോളിന്റെ മിശ്രിതമാക്കാനാണ് സക്കാർ ലക്ഷ്യമിടുന്നത്.
വൈദ്യുതി ഉത്പാദിപ്പിക്കാൻ കരിമ്പിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കമ്പനി ഉപയോഗിക്കുന്നു. വൈദ്യുത നിലയങ്ങളിൽ ഇന്ധനമായി കൽക്കരിക്ക് പകരം ഇത് ഉപയോഗിക്കാവുന്നതാണ്.
സാമ്പത്തികം
ഇഐഡി പാരിക്ക് കോറോമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡിൽ ഓഹരി വിഹിതമുണ്ട്. വളം, പോഷകങ്ങൾ, വിള സംരക്ഷണം എന്നിവയുടെ ബിസിനസിൽ ഏർപ്പെടുന്ന ഒരു കാർഷിക സ്ഥാപനമാണിത്.
സി.ഐ.എല്ലാണ് വരുമാനത്തിന്റെ ഭൂരി ഭാഗവും സംഭാവന ചെയ്യുന്നത്. 2021 സാമ്പത്തിക വർഷം 18758 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് ഇഐഡി രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ നേട്ടമാണിത്. അഞ്ച് വർഷം കൊണ്ട് 5.21 ശതമാനത്തിന്റെ സിഎജിആർ വളർച്ചയും കമ്പനി കെെവരിച്ചു.
ബിസിനസ് സ്ഥാപനങ്ങളുടെ ലാഭവുമായി നോക്കുമ്പോൾ വിള സംരക്ഷണം, ഫാർമ, എഥനോൾ വിഭാഗങ്ങൾക്ക് നികുതിക്ക് മുമ്പുള്ള ലാഭം 12 ശതമാനത്തിന് മുകളിലാണ്. ഇതിന് അർത്ഥം വരുമാനമായി ലഭിക്കുന്ന ഓരോ 100 രൂപയിലും 12 രൂപ നികുതിക്ക് മുമ്പുള്ള ലാഭമായി കണക്കാക്കാം.
ഇഐഡി പാരിയെ ഇനി മറ്റു പഞ്ചസാര നിർമാതാക്കളുമായി താരതമ്യം ചെയ്തു നോക്കാം.
കഴിഞ്ഞ നാല് വർഷമായി ഇഐഡി നഷ്ടം മാത്രം വരുത്തിവയ്ക്കുന്ന ഒരു കമ്പനിയാണ്. അതേസമയം മറ്റു കമ്പനികൾ അവരുടെ മാർജിൻ മെച്ചപ്പെടുത്തിയതായി കാണാം.
അതേസമയം 2017ൽ ഉണ്ടായിരുന്ന 3888 കോടി രൂപയുടെ കടം കമ്പനി 2021 ആയപ്പോൾ 576 കോടി രൂപയായി കുറച്ചു എന്നത് ശ്രദ്ധേയമാണ്.
Cholamandalam Investment and Finance Co. Ltd (CIFCL)
സിഐഎഫ്സിഎൽ എന്നത് ഉയർന്നു വരുന്ന ഒരു മിഡ് ക്യാപ്പ് സാമ്പത്തിക കമ്പനിയാണ്. 47000 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം എന്നത്. 3 മേഖലകളിലായി കമ്പനി പ്രധാനമായും ലോൺ നൽകി വരുന്നു.
വാഹന ഫിനാൻസിംഗ് കമ്പനിയുടെ 70 ശതമാനം ലോൺ ബുക്കിൽ ഉൾപ്പെടുന്നു. ഇതിൽ ഉപയോഗിച്ച വാഹനങ്ങൾക്കായി 27 ശതമാനവും ലെെറ്റ് കോമേഴ്ഷൽ വാഹനങ്ങൾക്കായി 21 ശതമാനവും മാറ്റിവച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം പലരും വാഹനങ്ങൾക്ക് മേലുള്ള ലോൺ തിരിച്ചടയ്ക്കാതെ വന്നു, ഇത് കമ്പനിയുടെ ലാഭത്തെ സാരമായി ബാധിച്ചു. വസ്തുക്കൾക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുമായി 22 ശതമാനം ലോൺ ബുക്കിൽ കാണിച്ചിട്ടുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ 1639 കോടി രൂപയാണ് കമ്പനിക്ക് വരുമാനമായി ലഭിച്ചത്. മൂന്ന് വർഷം കൊണ്ട് 15 ശതമാനത്തിന്റെ സിഎജിആർ വളർച്ചയും കമ്പനി സ്വന്തമാക്കി. ഇതേകാലയളവിൽ തന്നെ ലോൺ തിരിച്ചടവിൽ വീഴ്ച സംഭവിച്ചിരുന്നു. 2021 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 0.3 ശതമാനം പേർ ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയപ്പോൾ, 2022 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 2.1 ശതമാനം പേർ വീഴ്ചവരുത്തി. മോശം ലോണുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ കമ്പനിക്ക് സാധിച്ചില്ലെങ്കിൽ അത് തിരിച്ചടിയായേക്കും.
വല്ലയൻ സുബ്ബിയയാണ് കമ്പനിയുടെ ചെയർമാനും എംഡിയും. അദ്ദേഹം മുരുഗപ്പാ കുടുംബത്തിലെ നാലാം തലമുറയിൽ പ്പെട്ട ആളാണ്. ട്യൂബ് ഇൻവെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യയുടെ എംഡി കൂടിയാണ് മുരുഗപ്പാ.
സിഐഎഫ്സിഎല്ലിന്റെ 52 ശതമാനം ഓഹരികളാണ് പ്രൊമോട്ടർ കെെവശംവച്ചിട്ടുള്ളത്. മ്യൂച്ചൽ ഫണ്ടുകൾ 22 ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 19 ശതമാനവും കെെവശം വച്ചിട്ടുണ്ട്. കമ്പനിയുടെ അസ്റ്റ് അണ്ടർ മാനേജ്മെന്റ് 5 വർഷം കൊണ്ട് ഇരട്ടിയായി. കമ്പനി മികച്ച ലാഭം കാഴ്ചവക്കുന്നെങ്കിലും മോശം ലോണുകൾ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നു.
Tube Investments of India
ഹെർക്കുലീസ്, ബിഎസ്എ, മോൺട്രാ സൈക്കിൾസ് തുടങ്ങി ഇന്ത്യയിൽ അറിയപ്പെടുന്ന സെെക്കിൾ ബ്രാൻഡുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് ട്രൂബ് ഇൻഡസ്ട്രീസ്. കമ്പനിക്ക് പ്രധാനമായും മൂന്ന് വിഭാഗങ്ങളാണുള്ളത്. എഞ്ചിനീയറിംഗ്, മെറ്റൽ ഉത്പന്നങ്ങൾ, സെെക്കിൾസ്.
ഇലക്ട്രിക്-റെസിസ്റ്റൻസ് വെൽഡഡ് ട്യൂബുകളും ഇരുചക്രവാഹനങ്ങൾക്കും ട്രക്കുകൾക്കുമുള്ള ഓട്ടോ ഘടകങ്ങളും പോലുള്ള ഉൽപ്പന്നങ്ങളും എഞ്ചിനീയറിംഗ് വിഭാഗം നിർമിക്കുന്നു. മെറ്റൽ രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങളുടെ ബിസിനസ്സ് പ്രധാനമായും റെയിൽവേ കോച്ച് ഭാഗങ്ങൾ, ചെയിനുകൾ, വാഹനങ്ങൾക്കുള്ള വാതിൽ ഫ്രെയിമുകൾ തുടങ്ങിയ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഉത്പ്പനങ്ങളുടെ നിർമാണത്തിനായി പ്രവർത്തിക്കുന്നു. സെെക്കിൾ ബ്രാൻഡുകളിൽ ബിഎസ്എ, ഹെർകുലീസ്, മാച്ച് സിറ്റി എന്നിവ ഉൾപ്പെടുന്നു. രാജ്യത്തെ 225 ഔട്ട്ലെറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന ട്യൂബ് ഇൻവെസ്റ്റ്‌മെന്റുകൾ നടത്തുന്ന ഒരു റീട്ടെയിൽ സൈക്കിൾ ഔട്ട്ലെറ്റ് ശൃംഖലയാണ് ട്രയൽ.
2021 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം വരുമാനം 23 ശതമാനം ഇടിഞ്ഞ് 6195 കോടി രൂപയായി. മൂന്ന് വർഷം കൊണ്ട് കമ്പനി 5.92 ശതമാനത്തിന്റെ ഇടിവാണ് സിഎജിആർ വളർച്ചയിൽ രേഖപ്പെടുത്തിയത്. തുടർച്ചയായി വരുമാനം കുറയുന്നത് ആശങ്ക ഉയർത്തുന്നു.
2021 സാമ്പത്തിക വർഷം എഞ്ചിനീയറിംഗ് വിംഗിന്റെ ലാഭം 11 ശതമാനം ഉയർന്നു. അതേസമയം മെറ്റൽ ഉത്പ്പന്നങ്ങളുടെ വിഭാഗം കുത്തനെ ഇടിഞ്ഞു.
ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള പ്രവേശനം കമ്പനി പ്രഖ്യാപിക്കുകയും 2021 അവസാനത്തോടെ വിപണിയിലെത്താൻ പദ്ധതിയിടുകയും ചെയ്യുന്നു.
നിഗമനം
ഇത് കൊണ്ട് മാത്രം മുരുഗപ്പാ ഗ്രൂപ്പിന്റെ കഥകൾ അവസാനിക്കുന്നില്ല. മൂന്ന് മേഖലകളിലായി കമ്പനി വൈവിധ്യവൽക്കരിക്കപ്പെട്ടു കൊണ്ട് മറ്റു കമ്പനികളുമായി കടുത്ത മത്സരത്തിൽ ഏർപ്പെടുകയാണ്. സിലിക്കൺ കാർബൈഡ്, സിർക്കോണിയ, മറ്റ് ഇലക്ട്രോ ധാതുക്കൾ എന്നിവ നിർമ്മിക്കുന്ന സ്ഥാപനമാണ് കാർബോറണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്. കോറമാണ്ടൽ ഇന്റർനാഷണൽ രാജ്യത്തെ രണ്ടാമത്തെ വലിയ ഫോസ്ഫാറ്റിക് വളം നിർമാതാക്കളാണ്.
കമ്പനികളെ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന സമാന കോർപ്പറേറ്റ് തത്വങ്ങളും വിശ്വാസങ്ങളും ഗ്രൂപ്പിന് ഉള്ളതായി കാണാം. 121 വർഷ കാലം കൊണ്ട് മുരുകപ്പ ഗ്രൂപ്പ് ശക്തമായ ബിസിനസുകൾ കൊട്ടിപ്പടുത്തു. നിലവിലുള്ള വ്യവസായ പ്രമുഖരുമായി സഹകരിച്ചു കൊണ്ട് ഗുണനിലവാരമുള്ള ബിസിനസുകൾ കെട്ടിപ്പെടുക്കാൻ കമ്പനിക്ക് സാധിച്ചു.
Post your comment
No comments to display