അദാനി ഗ്രൂപ്പിന് എതിരെ നിർണായക നീക്കവുമായി റിലയൻസ്, ഹരിത ഊർജ ബിസിനസ് കീഴടക്കാൻ ഒരുങ്ങി അംബാനി

Home
editorial
can clean energy take reliance to new heights
undefined

റിലയൻസ് ജിയോ എന്ന് കേൾക്കാത്ത അധികം ആരും തന്നെ ഉണ്ടാകില്ല. ഒരു ജിബി ഡേറ്റക്ക് 400 രൂപവരെ അമിത ലാഭം ഈടാക്കി ടെലികോം മേഖലയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന കമ്പനികളെ   4ജി സാങ്കേതിക വിദ്യയുടെ സാഹത്തോടെ സൗജന്യ സേവനങ്ങൾ നൽകി ജിയോ പിന്നിലാക്കി. അഞ്ചുവർഷം കൊണ്ട് 42 കോടിയിലേറെ വരിക്കാരെയാണ് കമ്പനി സ്വന്തമാക്കിയത്. ഈ ബിസിനസ് തന്ത്രം തന്നെയാണ് മുകേഷ് അംബാനിയെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാക്കി മാറ്റിയത്.

രാജ്യത്തെ വമ്പൻ കമ്പനികളെ മുട്ടുകുത്തിച്ച് ടെലികോം മേഖല കീഴടക്കിയ റിലയൻസിന്റെ അടുത്ത ലക്ഷ്യം ഹരിത ഊർജമേഖ കീഴടക്കുകയെന്നതാണ്. എന്നാൽ ഇത് അത്ര എളുപമായേക്കില്ല. ഇവിടെ റിലയൻസ് ഇൻഡസ്ട്രീസിനും മുകേഷ് അംബാനിക്കും നേരിടേണ്ടി വരിക ഹരിത ഊർജമേഖലയിൽ ലോകത്തിലെ ഏറ്റവുംവലിയ ഉത്പാദകനാകാൻ ലക്ഷ്യമിടുന്ന അദാനി ഗ്രൂപ്പിനെയാണ്.

അദാനി ഗ്രൂപ്പിനെ പിന്നിലാക്കി ഇന്ത്യയിലെ  ഹരിത ഊർജ മേഖല കീഴടക്കുവാൻ ശ്രമിക്കുന്ന റിലയൻസിന്റെ സാധ്യതകളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

റിലയൻസിന്റെ പ്രഖ്യാപനം 

ഇക്കഴിഞ്ഞ ജൂൺ 24ന് നടന്ന 44-ാമത് വാർഷിക പൊതുയോഗത്തിലാണ് ഹരിത ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കിയത്. നിക്ഷേപകരിൽ ഇത് വലിയ പ്രതീക്ഷകൾ ഉയർത്തിയെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് ഓഹരി കൂപ്പുകുത്തി.

ഇന്ത്യൻ റിന്യൂവബിൾ സെക്ടർ

ഫോസിൽ ഇന്ധനങ്ങളെ മാത്രം ആശ്രയിച്ച് കൊണ്ട് അധിക കാലം മുന്നോട്ട് പോകാനാകില്ലെന്ന് നമുക്ക് അറിയാം. പുതിയ ഊർജ മേഖലയെ കെെപിടിച്ചുയർത്തുന്നതിനായി നിക്ഷേപകർ ഇതിലേക്ക് കൂടുതൽ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഇത് മുന്നിൽ കണ്ടാണ് ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തിൽ മാറ്റം വരുത്തിയത്. ഇതിലൂടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് നൂറ് ശതമാനവും നിക്ഷേപം നടത്താൻ സാധിക്കും. കണക്കുകൾ പ്രകാരം ഇന്ത്യൻ പുനരുപയോഗ ഊർജ  മേഖലയിൽ ഇത് വരെ 5.2 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ ഏഴ് വർഷമായി നടന്നിട്ടുള്ളത്. 2028 ഓടെ ഇത് 500 മില്യൺ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019 ലെ കണക്കനുസരിച്ച് ഇന്ത്യ കാറ്റിലും സൗരോർജ്ജത്തിലും അഞ്ചാം സ്ഥാനത്തും പുനരുപയോഗ ഊർജ സ്ഥാപിത ശേഷിയിൽ നാലാം സ്ഥാനത്തുമാണുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന സബ്സിഡികളും ആനുകൂല്യങ്ങളുമാണ് മേഖലയ്ക്ക് ശക്തി പകരുന്നത്.

2024 ഓടെ രാജ്യത്തെ 49 ശതമാനം ഊർജവും പുനരുപയോഗ ഊർജത്തിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ഓടെ  പുനരുപയോഗ ഊർജ ഉത്പാദനത്തിന്റെ വിഹിതം 18 ശതമാനത്തിൽ നിന്ന് 44 ശതമാനമായി ഉയരുമെന്നും  താപവൈദ്യുതി 78 ശതമാനത്തിൽ നിന്ന് 52 ​​ശതമാനമായി കുറയുമെന്നും കേന്ദ്ര വൈദ്യുത അതോറിറ്റി പറയുന്നു. ഈ മാറ്റങ്ങൾ എല്ലാം തന്നെ 10 മുതൽ 15 വർഷത്തിനുള്ള നടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ഹ്രസ്വകാലത്തിൽ വലിയ മാറ്റങ്ങൾ കാണാനായേക്കില്ല.

ഹരിത ഊർജ മേഖലയിലേക്കുള്ള  റിലയൻസിന്റെ ചുവടുവപ്പ്

ഹരിത ഊർജ മേഖലയിലേക്ക് കടന്ന് കൊണ്ട് വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് റിലയൻസ്. ഇതിനായി 60000 കോടി രൂപ വരെ നിക്ഷേപിക്കുമെന്നും കമ്പനി വ്യക്തമാക്കി. സോളാർ ഫോട്ടോവോൾട്ടെയ്ക്ക് മൊഡ്യൂൾ ഫാക്ടറി, ഇലക്ട്രോലൈസർ ഫാക്ടറി, ഇന്ധന സെൽ ഫാക്ടറി, എനർജി സ്റ്റോറേജ് ബാറ്ററി ഫാക്ടറി എന്നിവ നിർമിക്കും. വാല്യു ചെയിൻ പങ്കാളിത്തവും ഭാവിയിലെ സാങ്കേതികവിദ്യകളും ശക്തിപ്പെടുത്തുന്നതിനായി 15,000 കോടി രൂപയും കമ്പനി നിക്ഷേപിക്കും.

മൂന്നുവർഷത്തിനുള്ളിൽ 75,000 കോടി രൂപ ഇതിനെല്ലമായി നിക്ഷേപിക്കുമെന്ന് അംബാനി പറഞ്ഞു. ജാംനഗറിലെ അയ്യായിരം ഏക്കറിൽ കമ്പനി ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സ് വികസിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ലോകത്തിലെ ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഊർജ ഉത്പാദന കാര്യാലയങ്ങളിൽ ഒന്നായിരിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

2030 ഓടെ സോളർ എനർജി 100 ഗിഗാവാട്ട്സിൽ എത്തിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. ഹൈഡ്രജൻ, സൗരോർജ്ജ പരിസ്ഥിതി വ്യവസ്ഥകൾ നിലനിർത്തുന്നതിന് കാർബൺ ഫൈബർ പ്ലാന്റുകളിലും കമ്പനി നിക്ഷേപം നടത്തും.

മുന്നിലേക്കുള്ള വളർച്ചാ സാധ്യതകൾ

ഇന്ത്യയുടെ ഭാവി സുന്ദരമാക്കുന്ന നടപടികളാണ് റിലയൻസ് കെെകൊള്ളുന്നത്. കമ്പനിയുടെ വളർച്ചാ സാധ്യതകൾ മുന്നിലേക്ക് നോക്കിയാൽ ഇന്ത്യയിൽ മാത്രമായി ഒതുങ്ങുന്നതല്ല. റിലയൻസിന്റെ സാനിധ്യം ആഗോള വിപണിയിലും പ്രകടമായേക്കാം.

ഊർജ മേഖലയിൽ സ്വാധീനം ഉറപ്പിക്കുകയെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്നും അംബാനി വാർഷിക പൊതു യോഗത്തിൽ പറഞ്ഞിരുന്നു. മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മിൽ ബിസിനസ് രംഗത്ത് ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കുമെന്ന് ഊറ്റു നോക്കുകയാണ് നിക്ഷേപകർ. 

മറ്റു മേഖലകളെ പോലെ തന്നെ ചെെനയും ഹരിത ഊർജത്തിൽ അതീവ ശ്രദ്ധപുലർത്തുന്നു. ലോകത്ത് വിതരണം ചെയ്യുന്ന സോളാർ പോളിസിലിക്കണിന്റെ പകുതിയിലേറെ ഉത്പാദനവും ചെെനയിലാണ് നടക്കുന്നത്. എന്നാൽ അടുത്തിടെ യുഎസ് പ്രസിഡന്റ് ജോ ബെെഡൻ ഇതിൽ മൂന്ന് കമ്പനികളെ കരിമ്പട്ടികയിൽ ചേർത്തിരുന്നു.

കൊഡിവ് വ്യാപനത്തിന് പിന്നാലെ വെെറസ് ചെെനയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. നിരവധി രാജ്യങ്ങൾ ചെെനക്ക് എതിരെ രംഗത്ത് വരികയും ചെയ്തു. ആഗോള തലത്തിൽ ചെെനയ്ക്ക് മേൽ ഉള്ള എതിർപ്പ് ഹരിത ഊർജ മേഖലയിൽ റിലയൻസിന് നേട്ടമായേക്കാം. അനേകം സാധ്യതകൾ തുറന്ന് കിടക്കുന്ന ഒരു പാതയിലേക്കാണ് റിലയൻസ് ചുവടുവച്ചിരിക്കുന്നത്. അവസരങ്ങൾക്ക് ഒപ്പം തന്നെ ശക്തനായ എതിരാളിയെയും മുകേഷ് അംബാനിക്ക് നേരിടേണ്ടതുണ്ട്.

കേന്ദ്ര സർക്കാരിന്റെ സമ്പൂർണ പിന്തുണയുള്ള റിലയൻസ്, അദാനി ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആരുടെ ഭാഗത്താകും? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023