അശോക് ലെയ്‌ലാൻഡ്; അറിയാം കമ്പനിയിൽ മറഞ്ഞു കിടക്കുന്ന നിക്ഷേപ സാധ്യതകൾ

Home
editorial
an-analysis-of-ashok-leyland
undefined

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ വാഹനങ്ങളുടെ നിർമ്മാതാവായ അശോക് ലെയ്‌ലാൻഡ് ലിമിറ്റഡ് എന്ന കമ്പനിയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Ashok Leyland Ltd 

ഇന്ത്യയിലും ലോകമെമ്പാടുമായി വാണിജ്യ വാഹനങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണ്  അശോക് ലെയ്‌ലാൻഡ് ലിമിറ്റഡ്. 1948-ൽ സ്ഥാപിതമായ ഇത് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ്. (ഹിന്ദുജ ഗ്രൂപ്പിനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.) കമ്പനി പ്രധാനമായും വിതരണ ട്രക്കുകൾ, ചെറുകിട വാണിജ്യ വാഹനങ്ങൾ, ട്രാക്ടറുകൾ, ചരക്ക് വാഹകർ എന്നിവ നിർമ്മിച്ച് വരുന്നു. സിറ്റി, ഇന്റർസിറ്റി, സ്കൂൾ, കോളേജ്, സ്റ്റാഫ്, ടൂറിസ്റ്റ്, എയർപോർട്ട് ഷട്ടിൽ ബസുകൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ പ്രതിരോധ വാഹന ശ്രേണിയിൽ ലോജിസ്റ്റിക്‌സ്, ഹെെ മൊബിലിറ്റി, ലെെറ്റ് ടാക്റ്റിക്കൽ, ട്രാക്ക്ഡ്, സ്റ്റിമുലാറ്റർ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഡീസൽ ജനറേറ്ററുകൾ, കാർഷിക എഞ്ചിനുകൾ, വ്യാവസായിക എഞ്ചിനുകൾ, മറൈൻ എഞ്ചിനുകൾ എന്നിവയുൾപ്പെടെയുള്ള പവർ സൊല്യൂഷനുകളും അശോക് ലെയ്‌ലാൻഡ് നൽകുന്നു.

ഇതിനൊപ്പം തന്നെ കമ്പനി മാൻ പവർ സപ്ലെ സേവനങ്ങൾ, എയർ ചാർട്ടർ സേവനങ്ങൾ, ഡ്രൈവിംഗ് പരിശീലന സേവനങ്ങൾ എന്നിവ നൽകിവരുന്നു.  റീട്ടെയിൽ സ്റ്റോറുകളും സ്‌പെയർ പാർട്‌സുകൾക്കായുള്ള ഇ-കൊമേഴ്‌സ് സ്റ്റോറായ ലേകാർട്ടും കമ്പനി നടത്തുന്നുണ്ട്. അശോക് ലെയ്‌ലാൻഡ് അതിന്റെ ഉപഭോക്താക്കൾക്ക് ഒരു അഖിലേന്ത്യാ സെയിൽസ് ആന്റ് സർവീസ് നെറ്റ്‌വർക്കിലൂടെ സേവനം നൽകുന്നു. 

Ecomet, CHEETAH, Oyster Wide, SUNSHINE, Viking Diesel, STALLION എന്നീ ബ്രാൻഡുകൾക്ക് കീഴിലാണ് കമ്പനി വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നത്. കമ്പനിയുടെ യുകെ ആസ്ഥാനമായുള്ള അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റി വരും തലമുറ ഇലക്ട്രിക് ബസുകളും നിർമ്മിക്കുന്നു.

ഫാക്റ്റ് ഷീറ്റ്

  • ടാറ്റാ മോർട്ടോർസിന് ശേഷമുള്ള  ഇന്ത്യയിലെ രണ്ടാമത്തെ  വാണിജ്യ വാഹന നിർമ്മാണ കമ്പനിയാണ് അശോക് ലെയ്‌ലാൻഡ്.

  • ലോകത്തിലെ തന്നെ നാലാമത്തെ ബസ് നിർമ്മാണ കമ്പനിയും 19ാമത്തെ ട്രക്ക് നിർമ്മാണ കമ്പനിയുമാണ് അശോക് ലെയ്‌ലാൻഡ്.

  • കമ്പനി ഒമ്പത് നിർമ്മാണ പ്ലാന്റുകൾ നടത്തിവരുന്നു. ഇതിൽ 7 എണ്ണം ഇന്ത്യയിലും ഒരെണ്ണം യുഎഇയിലും ഒരെണ്ണം യുകെയിലുമാണ്.

  • 50ൽ ഏറെ രാജ്യങ്ങളിൽ സാന്നിധ്യമുള്ള അശോക് ലെയ്‌ലാൻഡ് സമ്പൂർണ്ണ സിവി നിർമ്മാണ കമ്പനികളിലൊന്നാണ്.

  • 2016ലാണ് കമ്പനി ഇന്ത്യയിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കിയത്.

സാമ്പത്തിക സ്ഥിതി

അശോക് ലെയ്‌ലാൻഡിന്റെ വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടായതായി കാണാം.  2020-21 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ വിൽപ്പനാ വരുമാനം 11.4 ശതമാനം ഇടിഞ്ഞ് 19454 കോടി രൂപയായി. 2021 സാമ്പത്തിക വർഷം 165.23 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. പോയവർഷം 336.67 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. കൊവിഡ് പ്രതിസന്ധി കമ്പനിയുടെ വിൽപ്പനയേയും പ്രകടനത്തെയും സാരമായി ബാധിച്ചു. ആഗോള തലത്തിൽ ഉത്പന്നങ്ങളുടെ വിലവർദ്ധിച്ചതും സെമികണ്ടക്ടർ ക്ഷാമവും കമ്പനിയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തി.

കഴിഞ്ഞ 5 വർഷമായി കമ്പനിയുടെ വരുമാനത്തിൽ -1.76 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സിവി വ്യവസായത്തിന്റെ ശരാശരി എന്നത് 0.24 ശതമാനം ആണ്. നിലവിൽ, ഇന്ത്യയിലെ വാണിജ്യ വാഹന വിഭാഗത്തിൽ അശോക് ലെയ്‌ലാൻഡിന് 67.17 ശതമാനം വിപണി വിഹിതമാണുള്ളത്.

ഈ കഴിഞ്ഞ സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനി 84 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു. പോയവർഷം ഇതേ പാദത്തിൽ കമ്പനി 96 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 44 ശതമാനം ഇടിഞ്ഞ് 5562 കോടി രൂപയായി. അതേസമയം EBITDA 576 കോടി രൂപയായി ഫ്ലാറ്റായി നിന്നു. കമ്പനിയുടെ ബുക്കിൽ ദീർഘകാല, ഹ്രസ്വകാല കടബാധ്യതകളുള്ളതായി കാണാം. 2022 സാമ്പത്തിക വർഷത്തെ മൂന്നാം പാദ ഫലം കമ്പനി ഫെബ്രുവരിയിൽ പുറത്തുവിടും. 

സ്റ്റോക്ക് ട്രാക്കർ

2014-2016 കാലയളവിനുള്ളിൽ ഓഹരി 5 ഇരട്ടി മുന്നേറ്റമാണ് കാഴ്ചവച്ചത്. ഇതിന് ശേഷം നിസാൻ മോട്ടോർ കമ്പനിയുമായുള്ള സംയുക്ത സംരംഭം (ജെവി) പരാജയപ്പെട്ടതിനെ തുടർന്ന് അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ താഴേക്ക് കൂപ്പുകുത്തി. ജാപ്പനീസ് വാഹന നിർമ്മാതാവ് അതിന്റെ ഒരു ജെവിക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയപ്പോൾ പങ്കാളിത്തം മോശമായി. അശോക് ലെയ്‌ലാൻഡ് ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയതാണ് ഈ നീക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. മാത്രമല്ല, കരാർ ലംഘനം ആരോപിച്ച് രണ്ട് സ്ഥാപനങ്ങളും നിയമ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരുന്നു.  അശോക് ലെയ്ലാൻഡ് നിസ്സാന് ഏകദേശം 200 കോടി രൂപ റോയൽറ്റി നൽകുന്നതിൽ പരാജയപ്പെട്ടു.

2018 ഏപ്രിലിൽ ഓഹരി എക്കാലത്തെയും ഉയർന്ന നിലയായ 165 രൂപ രേഖപ്പെടുത്തി. അവിടെ നിന്നും ഓഹരി വില കുത്തനെ താഴേക്ക് വീണു. ആഗോള ഓട്ടോമൊബൈൽ വ്യവസായത്തിലെ മോശം സാഹചര്യങ്ങൾ കാരണം മീഡിയം, ഹെവി ഡ്യൂട്ടി സിവികളുടെ വിൽപ്പന കുത്തനെ കുറയാൻ തുടങ്ങി. വർദ്ധിച്ചുവരുന്ന സാധനങ്ങളുടെ വില, ഇന്ധനക്ഷമത, BSVI നിയന്ത്രണങ്ങൾ, കൊവിഡ്-19 മഹാമാരിയുടെ കടുത്ത പ്രത്യാഘാതങ്ങൾ എന്നിവ അശോക് ലെയ്‌ലാൻഡ് ഓഹരിയുടെ വില രണ്ട് വർഷത്തിനുള്ളിൽ 75 ശതമാനം  ഇടിയാൻ കാരണമായി.

52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും 11.95 ശതമാനം താഴെയായി 135.15 രൂപ നിരക്കിലാണ് അശോക് ലെയ്‌ലാൻഡ് ഓഹരി ഇപ്പോഴുള്ളത്.

മുന്നിലേക്ക് എങ്ങനെ

ഇന്ത്യയിലെ ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിൽ അശോക് ലെയ്‌ലാൻഡിന് ദീർഘകാല സാന്നിധ്യമുണ്ട്.  രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന വിതരണ, സേവന ശൃംഖല കമ്പനിക്കുണ്ട്. എന്നിരുന്നാലും, പ്രതികൂലമായ വിപണി സാഹചര്യം മൂലം നഷ്ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇന്ത്യൻ സിവി സെഗ്‌മെന്റിൽ പ്രതീക്ഷിക്കുന്ന അപ്‌സൈക്കിളിന്റെ പ്രധാന ഗുണഭോക്താവ് അശോക് ലെയ്‌ലാൻഡായിരിക്കുമെന്ന് വ്യവസായ വിദഗ്ധർ കരുതുന്നത്.

കമ്പനി അതിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിനായി 2022 സാമ്പത്തിക വർഷത്തിൽ 750 കോടി രൂപ മൂലധന ചെലവിനായി ഉയർത്തി. അടുത്തിടെ, ശ്രീറാം ഓട്ടോമാളുമായുള്ള പങ്കാളിത്തത്തിലൂടെ അശോക് ലെയ്‌ലാൻഡ് യൂസ്ഡ് വെഹിക്കിൾ ബിസിനസ്സിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചിരുന്നു. പഴയ വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും വാങ്ങുന്നതിനും കമ്പനികൾ ഫിസിക്കൽ, ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കും.

കമ്പനി  ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) റോഡ്‌മാപ്പ് അവതരിപ്പിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച 10 വാണിജ്യ വാഹന ബ്രാൻഡുകളിൽ ഒന്നാകാനുള്ള  ലക്ഷ്യത്തിലാണ്. കമ്പനിയുടെ ഇവി മുന്നേറ്റത്തിന് യുകെ ആസ്ഥാനമായുള്ള അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയാണ് പിന്തുണ നൽകുക. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (ഇ-എൽസിവി) ഉടൻ പുറത്തിറക്കാൻ കമ്പനിയുടെ ഇവി വിഭാഗം പദ്ധതിയിടുന്നു.  അടുത്ത ഏതാനും വർഷങ്ങളിൽ 150-200 മില്യൺ ഡോളർ ഇവി മേഖലയിൽ നിക്ഷേപിക്കാനും അശോക് ലെയ്‌ലാൻഡ് പദ്ധതിയിടുന്നുണ്ട്.  ആഗോള ഇലക്ട്രിക് ബസ് വിപണി 2030-ഓടെ 70 ബില്യൺ ഡോളറിലെത്താൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വിപണിയിൽ സ്ഥാനം ഉറപ്പിക്കാൻ സ്വിച്ച് മൊബിലിറ്റി കമ്പനിയെ സഹായിച്ചേക്കും.

അശോക് ലെയ്‌ലാൻഡ് ലിമിറ്റഡിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023