ഇൻസ്റ്റന്റ് ലോൺ ഒരു ചതിക്കുഴിയോ? വായ്പ്പ എടുക്കുന്നതിന് മുമ്പായി അറിഞ്ഞിരിക്കുക
വീട്ടിൽ ഇരുന്ന് കൊണ്ട് നിമിഷ നേരത്തിനുള്ളിൽ വായ്പ്പകൾ സ്വന്തമാക്കാൻ അനുവദിക്കുന്ന ഇൻസ്റ്റന്റ് ലോൺ സേവനം ഇപ്പോൾ ഏറെ ജനശ്രദ്ധ നേടിവരികയാണ്. ബാങ്കുകളിലെ നീണ്ട പേപ്പർ വർക്കുകൾ ഇല്ലാതെ ഏതാനും മിനിറ്റുകൾ കൊണ്ട് തന്നെ ഓൺലൈൻ ആയി ലോൺ ലഭിക്കും എന്നതാണ് ഇത്തരം ഡിജിറ്റൽ ഫിൻടെക് പ്ലാറ്റുഫോമുകളുടെ പ്രത്യേകത.
നിമിഷ നേരം കൊണ്ട് വായ്പ ലഭിക്കുമെന്ന് കരുതി ചാടികയറി ഇത്തരം ആപ്പുകളിൽ നിന്നും പണം എടുക്കുന്നതിന് മുമ്പായി തന്നെ ഇതിന് പിന്നിലെ ബിസിനസ് രീതിയും കമ്പനികളുടെ തന്ത്രങ്ങളും മനസിലാക്കിയിരിക്കണം. ഇത്തരത്തിൽ ലോൺ നൽകുന്നത് ഒരു കെണി ആണോ? എന്ത് കൊണ്ടാണ് ഇത്തരം ലോണുകൾ ചതിക്കുഴികൾ ആകുന്നത്? ഈ കെണിയിൽ നിന്നും എങ്ങനെ രക്ഷപ്പെടാം? എന്നീ കാര്യങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
എങ്ങനെയാണ് ഇൻസ്റ്റന്റ് ലോൺ പ്രവർത്തിക്കുന്നത്?
സാധാരണ ഗതിയിൽ ഒരാൾക്ക് ലോൺ ലഭിക്കണമെങ്കിൽ സ്വർണമോ, സ്ഥലത്തിന്റെ ആദാരമോ തുടങ്ങിയ എന്തെങ്കിലും ബാങ്കിൽ ഈടായി നൽകേണ്ടതുണ്ട്. ഇത്തരം ഈടുകൾ ഇല്ലാതെ വായ്പ നൽകുന്ന പണത്തിനെ സുരക്ഷിതമല്ലാത്ത കടം എന്നാണ് പറയപ്പെടുക. എന്നാൽ ആപ്ലിക്കേഷനുകളിലൂടെ നിങ്ങൾക്ക് നിമിഷ നേരം കൊണ്ട് ലോൺ നൽകുന്ന ഫിൻടെക് കമ്പനികൾ ഒന്നും തന്നെ ഈടുകൾ ആവശ്യപ്പെടുന്നില്ല. അതിനാൽ തന്നെ 40 ശതമാനം വരെ പലിശയാണ് ഇവർ ഈടാക്കുന്നത്. ഈ ആപ്പുകൾ എല്ലാം തന്നെ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായിട്ടാണ് രജിസ്ടർ ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ ഇവയെ നിയന്ത്രിക്കാൻ ആർബിഐക്ക് പൂർണമായും സാധിക്കില്ല.
നിമിഷ നേരം കൊണ്ട് തന്നെ പേപ്പർ വർക്കുകൾ ഒന്നും ഇല്ലാതെ തന്നെ എളുപ്പത്തിൽ ലോൺ ലഭിക്കുന്നതിനാലാണ് ഏറെയും ആളുകൾ ഇത്തരം ലോൺ തിരഞ്ഞെടുക്കുന്നത്. ആളുകൾക്ക് പണം കടം നൽകുന്നതിന് മുമ്പായി സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പനികൾ അവരുടെ ജോലി, സാമ്പത്തിക നില, നിക്ഷേപം എന്നിവ പരിശോധിക്കും.
ഇത് എങ്ങനെയാണ് കെണിയാകുന്നത്?
- നിമിഷ നേരം കൊണ്ട് വായ്പ ലഭിക്കുന്നതിനാൽ തന്നെ ഇത്തരം ആപ്പുകളുടെ ടേംസ് ആൻഡ് കണ്ടീഷൻസ് വായിച്ച് നോക്കാൻ ആരും സമയം കളയാറില്ല. വായിക്കാൻ ശ്രമിച്ചാലും സാധാരണക്കാരന് മനസിലാകാത്ത വിതമാണ് ഇവർ ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. പണത്തിന് വളരെ അത്യാവശ്യമുള്ളത് കൊണ്ട് തന്നെ ആളുകൾ ഇത് വായിച്ച് നോക്കാൻ നിൽക്കാതെ വളരെ പെട്ടന്ന് തന്നെ ഇതെല്ലാം അംഗീകരിക്കും. ഇതിൽ ഉയർന്ന പലിശ നിരക്ക് ഉൾപ്പെടെ ഉണ്ടായേക്കാം.
- ഇത്തരം ലോൺ കമ്പനികൾ എല്ലാം തന്നെ അവരുടെ കടങ്ങൾ റിക്കവറി ഏജൻസികൾക്ക് കെെമാറും. ആളുകളുടെ കെെയിൽ നിന്നും പണം തിരികെ വാങ്ങുകയെന്നതാണ് ഇത്തരം ഏജൻസികളുടെ ജോലി.
- എത്രയും വേഗം പണം തിരികെ ലഭിക്കുന്നതിനായി ഇത്തരം ഏജൻസികൾ ആളുകളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്തേക്കാം. പേയ്മെന്റുകൾ കൃത്യമായി അടയ്ക്കാതെ വന്നാലോ, കൃത്യമായി അടയ്ക്കുന്നതിന് മുമ്പോ ഇത് സംഭവിച്ചേക്കാം.
- ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലെ വിവരങ്ങളിലേക്ക് പ്രവേശിക്കാൻ ഇത്തരം ആപ്പുകൾക്ക് നിങ്ങൾ അനുമതി നൽകും. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള പല പ്രധാനപ്പെട്ട വിവരങ്ങളും അവർക്ക് ഇതിലൂടെ ലഭ്യമാകും.
- ഏജന്റുമാരുടെ സമ്മർദ്ദം മൂലം വായ്പ തിരിച്ചടയ്ക്കുന്നതിനായി ചിലർ വീണ്ടും മറ്റ് ആപ്പുകളിൽ നിന്നും പണം വായ്പ എടുക്കുന്നു.
- ഇന്ത്യയിലെ 200 ഓളെ പണം വായ്പ നൽകുന്ന കമ്പനികളെയാണ് ഗൂഗിൾ തങ്ങളുടെ പ്ലേ സ്റ്റോറിൽ നിന്നും ഒഴിവാക്കിയത്.
പിന്നിൽ ചെെനയോ?
ഇത്തരം ആപ്പുകൾ ഏറെയും ചെെനീസ് കമ്പനികളാണ് നടത്തി വരുന്നത്. 2021 ജനുവരിയിൽ ചൈനീസ് കമ്പനി നടത്തുന്ന 21,000 കോടി രൂപയുടെ തൽക്ഷണ വായ്പ തട്ടിപ്പ് ഹൈദരാബാദ് പോലീസ് കണ്ടെത്തിയിരുന്നു. തട്ടിപ്പ് കേസിൽ ചെെനീസ് പൗരൻ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു.
അടുത്തിടെ പിസി ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്കിൽ കിടന്നിരുന്ന 131.12 കോടി രൂപയും പേയ്‌മെന്റ്-ഗേറ്റ്‌വേ അക്കൗണ്ടുകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ നൽകുന്ന മൈക്രോ പേഴ്സണൽ ലോണുകൾക്ക് ഉയർന്ന പലിശനിരക്ക് ഈടാക്കി നടത്തിയ കേസിലാണ് ഇഡി സംഘത്തിന്റെ നടപടി. ക്യാഷ് ബീൻ എന്ന ആപ്പിലൂടെ പിസിഎഫ്എസ് ഉയർന്ന പലിശ നിരക്കിൽ ആപ്പിലൂടെ പണം വായ്പ നൽകിയിരുന്നു. സമാനമായ കേസിൽ 106.93 കോടി രൂപയും ഇഡി പിടിച്ചെടുത്തു.
ഈ ചെെനീസ് ആപ്പുകൾ എല്ലാം തന്നെ ഇന്ത്യയ്ക്ക് വെളിയിലായി പ്രവർത്തിക്കുന്നതിനാൽ തന്നെ ഇവയെ ട്രെയിസ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ ആപ്പുകൾക്ക് വായ്പയെടുക്കുന്നയാളുടെ ഇമെയിൽ അക്കൗണ്ട്, ഫോൺ ബുക്ക് തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാകും. നിങ്ങളുടെ ഫോണിലെ കോൺണ്ടാക്ടുകൾ ഉപയോഗിച്ചു കൊണ്ട് ഇവർ നിങ്ങളുടെ പേര് മോശമാക്കാൻ മറ്റുള്ളവരെ വിളിക്കുകയോ അവർക്ക് നിലവാരം കുറഞ്ഞ സന്ദേശങ്ങൾ അയക്കുകയോ ചെയ്തേക്കാം.
ഈ കെണിയിൽ നിന്ന് എങ്ങനെ രക്ഷനേടാം?
പ്രധാനമായും ഇത്തരം ഇൻസ്റ്റന്റ് ലോണുകൾ എടുക്കുന്നത് ഒഴിവാക്കുക. ലോൺ എടുക്കേണ്ട അത്യാവശ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എടുക്കാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം കമ്പനികളുടെ ആപ്പുകൾ വഴി വായ്പ എടുക്കാതെ ഇരിക്കുക. നിങ്ങൾക്ക് തിരിച്ച് അടയ്ക്കാൻ സാധിക്കുന്ന അത്ര തുക മാത്രം വായ്പ എടുക്കുക. ഒപ്പം എമർജൻസി ഫണ്ട് കെെവശമുണ്ടെന്നും ഉറപ്പുവരുത്തുക.
പണം തിരിച്ചടയ്ക്കേണ്ട ദിവസത്തിന് മുമ്പായി ഭീഷണിപ്പെടുത്തി കൊണ്ടുള്ള കോളുകൾ വന്നാൽ അത് റെക്കോഡ് ചെയ്ത് സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക. ലോണുകൾ തിരികെ റിക്കവർ ചെയ്യുന്നതിന് ആർബിഐ അനേകം നിയമങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.
Post your comment
No comments to display